തൃശൂർ: പാന്പാടി നെഹ്‌റു കോളജിൽ വിദ്യാർഥികൾ നടത്തിയ സമരം പിൻവലിച്ചു. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ആരോപണ വിധേയരായവരെ മാനേജ്മെന്റ് പുറത്താക്കിയതോടെയാണ് വിദ്യാർഥികൾ സമരം പിൻവലിച്ചത്. വൈസ്പ്രിൻസിപ്പൽ ശക്തിവേൽ, പിആർഒ സഞ്ജിത്ത് വിശ്വനാഥൻ, അധ്യാപകരായ പ്രവീൺ, ഗോവിന്ദൻകുട്ടി, ഇർഷാദ് എന്നിവരെയാണ് മാനേജ്മെന്റ് പുറത്താക്കിയത്. കലക്ടറുമായി നടത്തിയ ചർച്ചയിൽ മാനേജ്മെന്റ് ഉറപ്പ് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ ഇന്നു വീണ്ടും സമരം ആരംഭിച്ചിരുന്നു.

എഡിഎമ്മും, ഡിവൈഎസ്‌പിയും സ്ഥലത്ത് എത്തി വിദ്യാർഥികളോട് ചർച്ച നടത്തി. തുടർന്ന് മാനേജ്മെന്ര് പ്രതിനിധികളുമായി എഡിഎം ചർച്ച നടത്തി. തുടർന്നാണ് മാനേജ്മെന്ര് ആരോപണ വിധേയരായവരെ പുറത്താക്കിയതായി രേഖാമൂലം അറിയിച്ചത്.

ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിചേർത്ത വൈസ് പ്രിൻസിപ്പൽ, പിആർഒ സഞ്ജിത്ത് വിശ്വനാഥൻ എന്നിവർക്കെതിരെ കോളജ് മാനേജ്മെന്റ് ഇതുവരെ നടപടി എടുത്തിട്ടില്ലായിരുന്നു. എന്നാൽ വിദ്യാർഥി പ്രതിഷേധം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെയാണ് മാനേജ്മെന്ര് ഇവരെ പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ​​​ ആഴ്ചയാണ് പാമ്പാടി നെഹ്‌റു കോളജിൽ അധ്യായനം പുനരാരംഭിച്ചത്.

അതേസമയം, കേസിലെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയാണ് ഹൈക്കോടതി അന്തിമ വിധി പറയുന്നത്.

ജിഷ്ണു പ്രണോയിയുടെ മരണത്തിൽ 2 ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നു. നടിയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിൽ കാണിച്ച ആവേശം തന്റെ മകന്റെ കേസിലും വേണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ