/indian-express-malayalam/media/media_files/uploads/2019/07/haris-nEWharis.jpg)
കാസര്‍കോട്: മഞ്ചേശ്വരത്ത് കാറിലെത്തിയ നാലംഗസംഘം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കളിയൂരിലെ അബൂബക്കറിന്റെ മകൻ അബ്ദുറഹ്മാൻ ഹാരിസിനെ സഹോദരിക്കൊപ്പം കോളേജിലേക്ക് പോകുമ്പോഴാണ് തട്ടിക്കൊണ്ടു പോയത്. ഹാരിസിന്റെ ബന്ധു ഉൾപ്പെട്ട പണമിടപാട് തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന.
ഹാരിസിന്റെ അമ്മാവൻ ലത്തീഫും പൈവളിഗെ സ്വദേശി നപ്പട്ടെ റഫീഖും തമ്മിൽ സ്വർണ ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രശ്‌നമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ സാമ്പത്തിക ഇടപാടുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നാണ് ഹാരിസിന്റെ വീട്ടുകാർ പറയുന്നത്.
സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. വോർക്കാടി കൊള്ളിയൂരിൽ വച്ച് കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി ബലമായി കാറിൽ കയറ്റുകയായിരുന്നു.
വീടിനു ഒരു കിലോമീറ്റര്‍ അകലെ വച്ചായിരുന്നു തട്ടിക്കൊണ്ടു പോയത്. ഉടന്‍ തന്നെ സഹോദരി വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ ബന്ധുക്കള്‍ക്ക് ഫോണ്‍ സന്ദേശം വന്നിരുന്നു. രണ്ട് കോടി രൂപ നല്‍കിയാല്‍ കുട്ടിയെ വിട്ടു തരുമെന്നായിരുന്നു പറഞ്ഞത്. ഈ ശബ്ദസന്ദേശം പൊലീസിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.