തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ട് കോളേജ് മാറ്റം ലഭിച്ച പെണ്‍കുട്ടി വിവാദങ്ങളെത്തുടര്‍ന്ന് പഠനം നിര്‍ത്തി. അച്ഛന്‍ ഉപേക്ഷിക്കുകയും അമ്മ കാന്‍സര്‍ ബാധിച്ചു മരിക്കുകയും ചെയ്ത നെയ്യാറ്റിന്‍കര സ്വദേശിനിയായ വിദ്യാര്‍ഥിനിക്കാണ് സര്‍ക്കാര്‍ കോളേജ് മാറ്റം അനുവദിച്ചത്. എന്നാല്‍, കോളേജ് മാറ്റത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
വിഷയം വിവാദമായതോടെ താന്‍ പഠിപ്പ് നിര്‍ത്തുകയാണെന്ന് പെണ്‍കുട്ടി അറിയിച്ചു. മന്ത്രി അനധികൃത നിയമനമല്ല നടത്തിയതെന്നും തന്റെ അവസ്ഥ കണ്ട് സഹായിക്കുകയായിരുന്നെന്നും പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞിരുന്നു.
Read Also: മഴ കനക്കുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, സ്‌കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥിനിക്ക് ആലപ്പുഴ ചേര്‍ത്തല എന്‍എസ്‌എസ് കോളേജില്‍നിന്ന് തിരുവനന്തപുരം വിമൻസ് കോളേജിലാക്കാണ് മന്ത്രി ഇടപെട്ട് മാറ്റം നല്‍കിയത്. എന്നാല്‍, മാര്‍ക്ക് ദാന വിവാദത്തില്‍ ഈ സംഭവവും ഉയര്‍ന്നുവന്നതോടെ മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.
പഠനം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് വിദ്യാര്‍ഥിനി നല്‍കിയ കത്ത് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ചേര്‍ത്തലയില്‍നിന്ന് പഠിക്കാന്‍ സാധിക്കാത്തതിനാലാണ് വിദ്യാര്‍ഥിനി പഠനം അവസാനിപ്പിക്കുന്നത്.