scorecardresearch

ഷവർമ കഴിച്ച വിദ്യാർത്ഥി മരിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ

സംഭവത്തിൽ പൊലീസും റവന്യൂ വകുപ്പും ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്

food poisoning, kasargod

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കടയുടെ മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശി അനക്‌സ്, ഷവർമാ മേക്കർ നേപ്പാൾ സ്വദേശി സന്ദേഷ് റായ് എന്നിവരാണ് അറസ്റ്റിലായത്. മനപൂർവമല്ലാത്ത നരഹത്യക്കാണ് ചന്തേര പൊലീസ് കേസെടുത്തിരിക്കുന്നത്. കടയുടമ വിദേശത്താണെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെയാണ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥിനി മരിച്ചത്. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കൂൾബാറിൽ നിന്ന് ദേവനന്ദയും സുഹൃത്തുക്കളും ഷവർമ കഴിച്ചത്.

ഇന്നലെ രാവിലെ ഇവരിൽ പലർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദേവനന്ദയെ രക്ഷിക്കാനായില്ല.

ദേവനന്ദയെ കൂടാതെ 17 പേരാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയത്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ പൊലീസും റവന്യൂ വകുപ്പും ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്നലെ അറിയിച്ചു. ഭക്ഷ്യവിഷബാധയുണ്ടായ കട അടച്ചുപൂട്ടിയിരിക്കുകയാണ്.

ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: ഭക്ഷ്യ വിഷബാധ: അന്വേഷണത്തിന് ഉത്തരവിട്ടു; കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Student dies of food poisoning from shawarma two arrested in kasaragod