തിരുവനന്തപുരം: ബാലരാമപുരത്തുള്ള മതവിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തി. ബീമാപ്പള്ളി സ്വദേശിയായ അസ്മിയ മോളെയാണ് ശനിയാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മറ്റ് പരുക്കുകളൊന്നും കണ്ടെത്താത്തിനാലാണ് ആത്മഹത്യ നിഗമനത്തിലേക്ക് എത്തിയത്. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ തേടിയാകും അന്വേഷണം. മതവിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകരെ ഉള്‍പ്പടെ ചോദ്യം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ അസ്മിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. മതവിദ്യാഭ്യാസ കേന്ദ്രത്തിലെ മാനസിക പീഢനമാണൊ മരണത്തിന് പിന്നിലെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിലെ ഉസ്താദും അധ്യാപികയും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ആരോപണം.
നെയ്യാറ്റിന്‍കര എ എസ് പിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. മരണത്തിന് പിന്നാലെ അസ്മിയയുടെ സുഹൃത്തുക്കളുടെ മൊഴി ശേഖരിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനത്തില്‍ തുടരാന്‍ അസ്മിയ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഉപദ്രവിച്ചിട്ടില്ലെന്നും ശകാരിക്കുകയാണ് ചെയ്തതെന്നും ജീവനക്കാരും പറയുന്നു.