കൊല്ലം: ബിരുദ വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും അധ്യാപകരെ തടഞ്ഞു വയ്ക്കുകയും ചെയ്തു.

കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയെ കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ആരോപണം. സ്വയംഭരണാവകാശമുള്ള കോളേജായ ഫാത്തിമ മാതാ കോളേജിലെ സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ രാഖി കോപ്പിയടിച്ചെന്ന് അധ്യാപിക ആരോപിക്കുകയും കോപ്പിയടി തടയാനുള്ള സ്‌ക്വാഡിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

സ്‌ക്വാഡും മറ്റ് അധ്യാപകരും ചേര്‍ന്ന് രാഖിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് കോളേജില്‍ നിന്നും ഇറങ്ങി ഓടിയ വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്എൻ കോളേജിന് മുന്നില്‍ വച്ചാണ് തീവണ്ടിക്ക് മുന്നിലേക്ക് വിദ്യാര്‍ത്ഥിനി ചാടിയത്. രാഖിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ ഗേറ്റ് അടച്ചിട്ട് പ്രതിഷേധിക്കുകയും അധ്യാപകരെ തടഞ്ഞുവയ്ക്കുകയും ചെയ്തതോടെ സ്ഥലത്ത് പൊലീസ് എത്തി. സംഭവത്തില്‍ കോളേജ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ