കോട്ടയം: പത്താം ക്ളാസിലെ വിജയശതമാനം കൂട്ടാൻ കുട്ടികൾക്ക് നിർബന്ധിത ടിസി നൽകുന്നതിനെതിരെ സിബിഎസ്ഇ രംഗത്ത്. വിജയശതമാനത്തിനായി സ്കൂള്‍ അധികൃതര്‍ ടിസി നല്‍കരുതെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു. രക്ഷിതാക്കൾ ആവശ്യപ്പെട്ടാൽ മാത്രമേ ടിസി നൽകാവൂവെന്നും സിബിഎസ്ഇ കർശന നിർദ്ദേശം നൽകി. കോട്ടയം പാന്പാടി സ്കൂളിലെ ഒന്പതാം ക്ളാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ അടിയന്തര ഇടപെടല്‍.

ഒരു വിദ്യാർത്ഥിക്ക് ജയിക്കാൻ ഇന്റേണൽ മാർക്ക് അടക്കം 33 ശതമാനം മാർക്ക് മതിയെന്നിരിക്കെ ടിസി നൽകുന്നത് നല്ല പ്രവണതയല്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. നേരത്തെ ഇന്റേണൽ കൂടാതെ 33ശമതാനം മാർക്ക് വേണമായിരുന്നു. എന്നാലിപ്പോൾ അങ്ങനെയല്ലെന്നും സിബിഎസ്ഇ ചൂണ്ടിക്കാട്ടി.

പള്ളിക്കത്തോട് ക്രോസ് റോഡ് പബ്ളിക് സ്കൂൾ വിദ്യാർത്ഥിയായ ബിന്റോ ഈപ്പന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് നടപടി. പത്താം ക്ളാസിൽ നൂറ് ശതമാനം വിജയത്തിനായി ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയെ തോൽപ്പിച്ചെന്നാണ് ആരോപണം. പത്താം ക്ലാസ് അധ്യയനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥി തോറ്റതായി സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളെ വിളിച്ചറിയിച്ചത്.

മറ്റൊരു സ്കൂളിലേക്ക് മാറ്റാനും നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റ് സ്കൂളില്‍ പ്രവേശനം തേടിയെങ്കിലും ഇത് സാധ്യമായില്ല. തുടര്‍ന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പതാം ക്ലാസില്‍ നിന്ന് പത്തിലേക്ക് ജയിപ്പിക്കില്ലെന്ന് കുട്ടിയോട് അധ്യാപകര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ