മാവേലിക്കര: ക്രിക്കറ്റ് ബാറ്റ് തലയിൽ കൊണ്ട് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീതാണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിയാണ് നവനീത്.
ഉച്ച ഭക്ഷണം കഴിഞ്ഞ് കൈ കഴുകാന്‍ പൈപ്പിനടുത്തേക്ക് പോകുന്നതിനിടെയാണ് മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മറ്റു കുട്ടികളുടെ കൈയിൽ നിന്നും ബാറ്റ് അബദ്ധത്തിൽ തെറിച്ച് നവനീതിന്റെ തലയുടെ പിന്നില്‍ വന്ന് കൊണ്ടത്. ബാറ്റ് തലയിൽ വന്നിടിച്ചതിനെ തുടര്‍ന്ന് കുട്ടി ബോധരഹിതനായി വീണു. ഡെസ്കിന്റെ കാലായിരുന്നു വിദ്യാർഥികൾ ബാറ്റായി ഉപയോഗിച്ചിരുന്നത്.
ഉടൻ തന്നെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നും താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.