പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിങ് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. പൊരുത്തക്കേടുള്ള 40 കിലോ സ്വര്‍ണം സ്‌ട്രോങ് റൂമില്‍ ഉണ്ടെന്ന് മഹസര്‍ രേഖകളില്‍ വ്യക്തമായതായി ഓഡിറ്റ് വിഭാഗം അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനും സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്നും അറിയിച്ചു.

സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ല. കണക്കില്‍ നാല് വെള്ളി ഉരുപ്പടികള്‍ ശബരിമലയില്‍ ഉപയോഗിക്കുന്നുവെന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിശദീകരണം. സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും വഴിപാട് ലഭിക്കുന്ന വസ്തുക്കള്‍ സുരക്ഷിതമായാണ് കൈക്കാര്യം ചെയ്യുന്നതെന്നും ശബരിമലഎക്‌സിക്യൂട്ടീവ് ഓഫീസറും അറിയിച്ചു.

Read More: ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് രമേശ് ചെന്നിത്തല

40 കിലോ സ്വർണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലന്നൊണ് നേരത്തെ ഓഡിറ്റിങിൽ പുറത്തുവന്നത്. ഇവ സ്ട്രോങ് റൂമിൽ എത്തിയിട്ടുണ്ടോ എന്നുള്ള പരിശോധനയാണ് ഇന്ന് നടന്നത്. സാധാരണ ശബരിമലയിൽ കാണിക്കയായി സ്വർണം, വെള്ളി എന്നിവ നൽകിയാൽ അത് സമർപ്പിക്കുന്ന ആൾക്ക് 3 A രസീത് ദേവസ്വം ബോർഡ് നൽകും. അതിന് ശേഷം ഈ വിവരങ്ങൾ ശബരിമലയുടെ 4 A രജിസ്റ്ററിൽ രേഖപ്പെടുത്തും പിന്നീട് ഈ വസ്തുക്കൾ സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോൾ രജിസ്റ്ററിന്റെ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്തും എന്നാൽ 40 കിലോ സ്വർണത്തിന്റെയും നൂറ് കിലോയിലെറെ വെള്ളിയുടെയും വിവരങ്ങൾ ഇതിലില്ല എന്നായിരുന്നു ആരോപണം.

നേരത്തെ തന്നെ ആരോപണങ്ങൾ തള്ളി ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത് വന്നിരുന്നു. എല്ലാത്തിനും കൃത്യമായ കണക്കുണ്ടെന്നും ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. വിവാദത്തിന് പിന്നില്‍ മുന്‍ ദേവസ്വം ഉദ്യോഗസ്ഥനാണ് എന്നും പത്മകുമാര്‍ ആരോപിച്ചു. പത്മകുമാറിനോട് ദേവസ്വം മന്ത്രി വിശദീകരണം തേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.