പ്രതിഷേധങ്ങൾ അതിരുകടക്കരുത്, കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം: ഹെെക്കോടതി

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാർട്ടികൾക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി

കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്ന ഹർജിയിൽ നിലപാട് ആവർത്തിച്ച് ഹൈക്കോടതി. കേന്ദ്ര സർക്കാരിന്റെ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. നിയന്ത്രണങ്ങൾ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാർട്ടികൾക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. കേസിലെ എതിർകക്ഷികളായ രാഷ്ട്രീയ പാർട്ടികൾക്ക് കോടതി നോട്ടീസയച്ചു.

പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും ദൃശ്യങ്ങൾ പകർത്തണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. സംഘം ചേർന്നുള്ള പ്രതിഷേധം രോഗവ്യാപനത്തിന് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ അഭിഭാഷകനായ ജോൺ നുമ്പേലിയും മറ്റും സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി.പി.ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

Read Also: ബിജെപിയിലേക്കില്ലെന്ന് ആവർത്തിച്ച് സച്ചിൻ പൈലറ്റ്

കോവിഡ് കാലത്ത് സമരം നടത്തുന്ന രാഷ്ട്രീയ പാർട്ടികളും സംഘടനകളും സാമുഹിക അകലം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കോവിഡ് വ്യാപനം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ സംഘം ചേർന്നുള്ള പ്രതിഷേധങ്ങളും സമരങ്ങളും രോഗവ്യാപനത്തിന് ഇടയാക്കുമെന്നും അതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ നിയന്ത്രിക്കാന്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നെങ്കിലും പല സ്ഥലങ്ങളും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തുടരുകയാണ്. സമൂഹവ്യാപനത്തിന് സമാനമായ സാഹചര്യങ്ങളാണ് പലമേഖലകളിലുമുള്ളതെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. രോഗവ്യാപനം കൂടുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്തൊട്ടാകെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓഗസ്റ്റ് നാലിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെർച്വൽ റാലി സംഘടിപ്പിക്കും. സർക്കാരിനെതിരെ വലിയ ജനരോഷമുണ്ട്. ജനങ്ങളുടെ രോഷം അണപൊട്ടിയൊഴുകുന്നതാണ് പലയിടത്തും സാമൂഹിക അകലം ലംഘിച്ച് പ്രതിഷേധ പരിപാടികൾ നടക്കാൻ കാരണമെന്നും ചെന്നിത്തല പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Strikes during covid high court verdict

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com