തിരുവനന്തപുരം: കെഎസ്ആർടിസിയിലെ മെക്കാനിക്കൽ ജീവനക്കാരുടെ സമരം തുടരും. യൂണിയനുകളും മാനേജ്മെന്റും തമ്മിലുളള ധാരണ അംഗീകരിക്കില്ലെന്നും 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പ്രായോഗികമല്ലെന്നും ഒരു വിഭാഗം ജീവനക്കാർ അറിയിച്ചു. സമരം തുടരുമെന്നും ജീവനക്കാർ വ്യക്തമാക്കി.

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിൽ സമരം ഒത്തുതീർപ്പാക്കാൻ തീരുമാനമായിരുന്നു. പുതിയതായി നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടി സംവിധാനം പിന്‍വലിക്കില്ല. കൃത്യമായ റോട്ടേഷന്‍ രീതിയില്‍ സിംഗിള്‍ ഡ്യൂട്ടി ഷിഫ്റ്റ് ക്രമീകരിക്കും. ഇതില്‍ത്തന്നെ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെയുളള പന്ത്രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുളള പുതിയ ഷിഫ്റ്റ് ഏര്‍പ്പെടുത്തി. പുതിയ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജീവനക്കാര്‍ക്കുണ്ടായിരുന്ന ആശങ്ക പരിഹരിച്ചെന്നും ജീവനക്കാരെക്കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം ജീവനക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇന്നലെ മുതൽ ജീവനക്കാർ സമരം തുടങ്ങിയത്. രാത്രിസമയം കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനും ഡബിൾ ഡ്യൂട്ടിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് മാനേജ്മെന്റ് സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയത്. രാത്രിയിലാണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതലും നടക്കുന്നത്. അതിനാൽ പകൽ രണ്ടു സിംഗിൾ ഡ്യൂട്ടിയിൽ വരുന്നവർക്കും കാര്യമായ ജോലിയില്ല. എന്നാൽ രാത്രിയിൽ ആവശ്യത്തിന് ജോലിക്കാരുമില്ല. ഇതൊഴിവാക്കാനാണ് മാനേജ്മെന്റ് സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ