തിരുവനന്തപുരം: നീതിതേടി തലസ്ഥാനത്തെത്തിയ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾക്കുനേരെ പൊലീസിന്റെ അതിക്രമം. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. മനഃസാക്ഷിയെ ഞെട്ടിക്കുന്ന നാടകീയ രംഗങ്ങളാണ് ഡിജിപി ഓഫിസിനു മുന്നിൽ നടന്നത്.

ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഡിജിപി ഓഫിസിനു മുന്നിൽ ജിഷ്ണുവിന്റെ കുടുംബം സമരത്തിനെത്തിയത്. അച്ഛനും അമ്മയും അടക്കമുളള കുടുംബാംഗങ്ങളാണ് 10 മണിയോടെ എത്തിയത്. പൊലീസ് ആസ്ഥാനത്തിനു മുന്നിൽ സമരം അനുവദിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. ഡിജിപി ഓഫിസിനു മുന്നിൽ സമരം ചെയ്യരുതെന്ന പൊലീസ് നിർദേശത്തെ അവഗണിച്ച കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. ഇതു സംഘർഷത്തിനിടയാക്കി. ഒടുവിൽ ജിഷ്ണുവിന്റെ മാതാപിതാക്കൾ ഉൾപ്പെടെയുളള കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. അലറിക്കരഞ്ഞുകൊണ്ട് നടുറോഡിൽ കിടന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയി.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

പൊലീസ് അതിക്രമത്തിൽ പരുക്കേറ്റ ജിഷ്ണുവിന്റെ അമ്മയെ പേരൂർക്കട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്നും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഐജി മനോജ് എബ്രഹാം മഹിജയെ കാണാനെത്തി. പിന്നാലെ ഡിജിപി ലോക്‌നാഥ് ബെഹ്റയും ആശുപത്രിയിലെത്തി മഹിജയെ സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയെ വിളിച്ച് മഹിജയുമായി സംസാരിക്കണമെന്നു നിർദേശിച്ചിരുന്നു. നേരത്തെ മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദനും ഡിജിപിയെ ഫോണിൽ വിളിച്ച് ശകാരിച്ചിരുന്നു.

അറസ്റ്റിനിടെ പൊലീസ് മർദിച്ചതായി ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു. മഹിജയെയും പൊലീസ് മർദിച്ചു. പൊലീസ് വിട്ടയച്ചാൽ വീണ്ടും ഡിജിപി ഓഫിസിലേക്ക് പോകുമെന്നും നീതി ലഭിക്കുംവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണുവിന്റെ അച്ഛൻ അശോകൻ, അമ്മ മഹിജ ഉൾപ്പെടെയുള്ളവരാണ് ഡിജിപി ഓഫിസിനു മുന്നിൽ സമരം ചെയ്യാനെത്തിയത്. സെക്രട്ടേറിയറ്റിനു മുൻപിലും മറ്റുമായി പ്രഖ്യാപിച്ച സമരമെല്ലാം കുടുംബം മാറ്റിയിരുന്നു. ഈ സമരവും മാറ്റി വയ്ക്കണമെന്ന് പൊലീസിന്റെ ഭാഗത്തു നിന്ന് ആവശ്യമുയർന്നെങ്കിലും കുടുംബം ഇത് തള്ളുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ