/indian-express-malayalam/media/media_files/2025/01/15/sabarimala-makaravilakku-ga-05.jpg)
ശബരിമലയിൽ കടുത്ത നിയന്ത്രണം
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സ്പെഷ്യൽ ഓഫിസർ എസ് സുജിത്ത് ദാസ് അറിയിച്ചു. മകരജ്യോതി ദർശനം സുഗമമാക്കുന്നതിനും തിരിച്ച് സുരക്ഷിതമായി മലയിറങ്ങുന്നതിനും പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളും നിർദേശങ്ങളും ഭക്തർ കൃത്യമായി പാലിക്കണം.
Also Read:മകരവിളക്ക് മഹോത്സവം; ശബരിമലയില്‍ കര്‍ശന നിയന്ത്രണം, ദര്‍ശനം 35,000 പേര്‍ക്ക് മാത്രം
മകരവിളക്ക് ദിവസം സന്നിധാനത്ത് രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. നിലവിൽ 11 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 34 സിഐമാരും 1489 സിവിൽ പൊലീസ് ഓഫിസർമാരും ഉൾപ്പെടെ 1534 സേനാംഗങ്ങൾ സന്നിധാനത്ത് സേവനത്തിനുണ്ട്. ഇതിനുപുറമേ അഞ്ഞൂറോളം ഉദ്യോഗസ്ഥർ കൂടി തിങ്കളാഴ്ച സന്നിധാനത്ത് എത്തും. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമായി സന്നിധാനത്തേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ നിലയ്ക്കലിൽനിന്നു പമ്പയിലേക്കും രാവിലെ 11 മുതൽ പമ്പയിൽനിന്നു സന്നിധാനത്തേക്കും ഭക്തരെ കടത്തിവിടില്ല.
തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലും 6.20ഓടെ സന്നിധാനത്തും എത്തും. തുടർന്ന് ദീപാരാധന നടക്കും. ഘോഷയാത്രയ്ക്ക് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർ തിരുവാഭരണപ്പെട്ടി തൊടാനോ ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ തിരക്ക് കൂട്ടാനോ ശ്രമിക്കരുത്.
Also Read:ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം
പാണ്ടിത്താവളം, ശരംകുത്തി, യുടേൺ തുടങ്ങിയ ഇടങ്ങളിലെ വ്യൂപോയിൻ്റുകളിൽ സുരക്ഷിതമായി നിന്ന് മകരജ്യോതി ദർശിക്കണം. വനമേഖലയോട് ചേർന്നുള്ള പല വ്യൂപോയിൻ്റുകളിലും ഭക്തർ വിരിവയ്ക്കാറുണ്ട്. ഈ പ്രദേശങ്ങളിൽ യാതൊരു കാരണവശാലും പാചകം ചെയ്യരുത്. ഹിൽടോപ്പിൽ അപകടസാധ്യത ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗുരുസ്വാമിമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയും നിർദേശങ്ങൾ നൽകുന്നുണ്ട്. സോപാനത്തിലും തിരുമുറ്റത്തും പരിസരത്തും ഘോഷയാത്ര എത്തുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭക്തരെ വ്യൂപോയിൻ്റുകളിലേക്ക് മാറ്റിയശേഷമാകും തിരുവാഭരണം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക.
മടക്കയാത്രയ്ക്ക് മൂന്ന് റൂട്ടുകൾ
മകരജ്യോതി ദർശനത്തിന് ശേഷം തിരക്കുകൂട്ടാതെ സുരക്ഷിതമായി പമ്പയിൽ എത്തണം. തിരിച്ചിറങ്ങാൻ മൂന്ന് റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. പാണ്ടിത്താവളത്തുനിന്ന് ദർശൻ കോംപ്ലക്സിന് പിൻഭാഗത്തിലൂടെ നടപ്പന്തലിന് പിന്നിലെത്തി കൊപ്രാക്കളം, ട്രാക്റ്റർ റോഡ് വഴി കെഎസ്ഇബി ജങ്ഷനിലെത്തുന്നതാണ് ഒരു പ്രധാന റൂട്ട്.
Also Read:ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ
പാണ്ടിത്താവളം ജങ്ഷനിൽനിന്ന് മാളികപ്പുറം ഭാഗത്തുള്ള ഇറക്കം വഴി പൊലീസ് ബാരക്ക്, ബെയ്‌ലി പാലം വഴി ചന്ദ്രാനന്ദൻ റോഡിലെത്തുന്നതാണ് രണ്ടാമത്തെ പാത. നടപ്പന്തലിൻ്റെ മധ്യഭാഗം വഴി കെഎസ്ഇബി ജങ്ഷനിലെത്തുന്നതാണ് മൂന്നാമത്തെ വഴി. ഈ റൂട്ടുകളിലൂടെ ഭക്തരെ സെഗ്‌മെൻ്റുകളായി തിരിച്ച് അപകടം കൂടാതെ സുരക്ഷിതരായി പമ്പയിലെത്തിക്കുകയാണ് പൊലീസിൻ്റെ ലക്ഷ്യം. മടങ്ങിപ്പോകുന്നതിനായി കെഎസ്ആർടിസി ബസുകൾ പമ്പയിൽ ക്രമീകരിച്ചിട്ടുണ്ട്. ഭക്തർ വരിപാലിച്ച് വാഹനങ്ങളിൽ കയറണം.
Read More:ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us