കൊച്ചി: സുരേഷ് കല്ലട ബസ് സര്‍വ്വീസിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പും പൊലീസും. സുരേഷ് കല്ലട ട്രാവല്‍സിന്റെ ഓഫീസ് പൊലീസ് അടച്ച് പൂട്ടി. തെളിവ് ശേഖരിക്കുന്നതിനിടെ അനധികൃതമായി പാഴ്‌സല്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാര്‍ ഐപിഎസ് അറിയിച്ചു. സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിതിന്‍, ജയേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനം നടന്ന ബസ് പൊലീസ് പിടിച്ചെടുത്തു.

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ബസ് സര്‍വ്വീസിന്റെ ഉടമയായ സുരേഷ് കല്ലടയെ വിളിച്ചു വരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസിനെതിരെ പ്രതിഷേധം ശക്തം. കല്ലട ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. വൈക്കത്തെ ഓഫിസിലേക്ക് പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് അടപ്പിച്ചത്. കല്ലടയുടെ ഓഫീസിന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.കേസെടുത്തതിന് പിന്നാലെ ബസ് ഉടമയെ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിതേഷ്, ജിതിന്‍, ഗിരിലാല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

ഹരിപ്പാട് നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത ജേക്കബ് ഫിലിപ്പ് എന്നയാളാണ് മര്‍ദനത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഇത് വൈറലായി. പിന്നീട് സുരേഷ് കല്ലട ബസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.