മലപ്പുറം: നിയമം പാലിക്കാത്ത  ഉദ്യോഗസ്ഥരുടെ പദവി എന്തായാലും അവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്.

നിയമത്തിൽ നിന്നും വ്യതിചലിച്ച് പ്രവർത്തിക്കുന്നവർ ആരായാലും അവരുടെ പദവി എന്തായാലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദൂഷ്യവശങ്ങൾ തീണ്ടാതിരിക്കാൻ പൊലീസ് സേനയിൽപ്പെട്ടവർ ശ്രദ്ധിക്കണം. പരിശീലനം കഴിഞ്ഞ് പൊലീസിന്റെ ഭാഗമാകുമ്പോഴുളള പ്രതിജ്ഞ ഔദ്യോഗികകാലം മുഴുവനും പാലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരള പൊലീസിലെ നാല് ബറ്റാലിയനുകൾ ചേർന്ന് നടത്തിയ പാസിങ് ഔട്ട് പരേഡിൽ​ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള പൊലീസ് നടപടികൾ പലതും വിവാദങ്ങളിലേയ്ക്ക് വീഴുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. എറണാകുളം ജില്ലയിലെ വരാപ്പുഴയിലെ കസ്റ്റഡി കൊലപാതകം, ചങ്ങരംകുളം തിയേറ്ററിലെ ബാലിക പീഡനത്തിന്റെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണം തുടങ്ങിയ സംഭവങ്ങൾ രാജ്യത്തൊട്ടാകെ വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്.

വരാപ്പുഴ കസ്റ്റഡി കൊലപാതവുമായി ബന്ധപ്പെട്ട് പൊലീസുകാർ അറസ്റ്റ് ചെയ്യപ്പെടുകയും സംഭവം നടക്കുമ്പോൾ ആലുവ റൂറൽ എസ്‌പി യായിരുന്ന എ.വി.ജോർജിനെ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. ചങ്ങരംകുളം തിയേറ്റർ പീഡന കേസിൽ സിസിടിവി തെളിവടക്കം ചൈൽഡ് ലൈൻ പരാതി നൽകിയിട്ടും പതിനാറ് ദിവസം വരെ കേസ് എടുക്കാതിരുന്ന പൊലീസ് നടപടിയും ഏറെ വിമർശനത്തിന് വിധേയമായി. തുടർന്ന് ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിയെ സസ്‌പെൻഡ് ചെയ്തു.

കേരളത്തിൽ പിണറായി വിജയൻ സർക്കാർ​ അധികാരമേറ്റ ശേഷം പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒട്ടേറെ വിവാദങ്ങളുണ്ടായി. സിപിഎമ്മുകാർ പോലും പൊലീസിൽ നിന്നും നീതിലഭിക്കുന്നില്ലെന്ന പരാതിയുമായി മുന്നോട്ട് വന്നിരുന്നു. കണ്ണൂർ ജില്ലയിൽ ശക്തമായ പ്രതിഷേധവും ഇത് സംബന്ധിച്ച് ഉയർന്നിരുന്നു.

എംഎസ്‌പി, എസ്‌എപി, കെഎപി രണ്ട്, കെഎപി നാല് എന്നീ ബറ്റാലിയനുകളിലായി 530 പേരാണു പരിശീലനം പൂർത്തിയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ