തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ 2ന് തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ കാമ്പയിന് തുടര്‍പ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു.
നവംബര്‍ 1 വരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്കൂളുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാന്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കണം നടത്തും. അതിഥി തൊഴിലാളികള്‍ക്കിടയില്‍ അവരുടെ ഭാഷയില്‍ ബോധവല്‍ക്കരണം നടത്തും. പദ്ധതിയില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളായ പൊലീസ്, എക്സൈസ്, നാര്‍ക്കോട്ടിക് സെല്‍ തുടങ്ങിയവയുടെ പങ്കാളിത്തം ശക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കിക്കഴിഞ്ഞു. കേസില്‍പ്പെട്ടാല്‍ നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട വിവരവും കോടതിയില്‍ സമര്‍പ്പിക്കും. ഇതിലൂടെ കൂടുതല്‍ ശിക്ഷ ഉറപ്പിക്കാനാകും. കാപ്പ മാതൃകയില്‍ ഇത്തരം കേസുകള്‍ക്ക് ബാധകമായ നിയമം നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.
അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത
അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത ശക്തിപ്പെടുത്തും. സ്കൂളുകളിലും കടകളിലും ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും. വിവരം നല്‍കുന്നവരുടെ കാര്യം രഹസ്യമാക്കി സൂക്ഷിക്കും.
സ്കൂളുകളില്‍ പുറത്തു നിന്നു വരുന്നവരുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഡി- അഡിക് ഷന് സെന്ററുകള്‍ വ്യാപിപ്പിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലും സെന്ററുകള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സിന്തറ്റിക് രാസലഹരി പോലുള്ളവയുടെ ഉപയോഗം വലിയ ഭീഷണിയാണ്. കുട്ടികളെ ലക്ഷ്യമിട്ട് ഭാവിതലമുറയെ മരവിപ്പിക്കാനാണ് ശ്രമം. ആണ് – പെണ് വ്യത്യാസമില്ലാതെ ലഹരി ഉപയോഗം നടക്കുകയാണ്. പൊതു ക്യാമ്പയിന്റെ ഭാഗമായി പുകവലി ശീലം മാറ്റാന്‍ നമുക്കായി. എന്‍ഫോഴ്സ്മെന്റ് സംവിധാനം കാര്യക്ഷമാക്കിയതുകൊണ്ടുമാത്രം ലഹരി ഉപയോഗം പൂര്‍ണമായി നേരിടാനായില്ല. നാടൊന്നാകെയുള്ള ഇടപെടല്‍ ഇതിന് ആവശ്യമാണ്. റസിഡന്റ്സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിങ്ങനെ ഏതെല്ലാം കൂട്ടായ്മകള്‍ ഉണ്ടോ അവയൊക്കെ ഇതിന്റെ ഭാഗമാകണം.
സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ്, സ്കൂള്‍തല സമിതികള്‍ രൂപീകരിച്ചുകഴിഞ്ഞു. അവയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെട്ടുവെന്ന് ഉറപ്പാക്കണം. വിവിധ മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിക്കണം. ഒരു മാസത്തേക്ക് നിശ്ചയിച്ച ലഹരിവിരുദ്ധ പരിപാടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. എല്ലാ പരിപാടികളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ആള്‍ക്കാരെ നല്ലരീതിയില്‍ പങ്കെടുപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ലഹരി വിരുദ്ധ ക്യാമ്പയില്‍ സൗരവ് ഗാംഗുലി പങ്കെടുക്കും
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാനെത്തുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ലഹരി വിരുദ്ധ ക്യാമ്പയിനായ ‘സേ നോ ടു ഡ്രഗ്സില്‍’ അദ്ദേഹം പങ്കെടുക്കും.