കൊച്ചി: സ്വന്തം കടയിൽനിന്നുളള വസ്ത്രങ്ങളെല്ലാം പ്രളയ ദുരിത ബാധിതർക്കായ നൽകിയ നൗഷാദിനെ വഴിയോര കച്ചവടക്കാരുടെ സംഘടന ആദരിച്ചു. മേനകയിൽ നടന്ന സ്വീകരണ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. സ്വീകരണ ചടങ്ങിലേക്ക് നൗഷാദിനെ എടുത്തുകൊണ്ടാണ് എത്തിച്ചത്

തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ നൗഷാദ്, പ്രളയ ബാധിതർക്കായി പ്രാർത്ഥിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

നടൻ മമ്മൂട്ടി അടക്കമുള്ള പ്രമുഖർ നേരത്തെ നൗഷാദിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. മമ്മൂട്ടി ഫോണിലാണ് നൗഷാദിനെ ബന്ധപ്പെട്ടത്. നൗഷാദിന്റെ മകന്‍ ഫഹദിന്റെ ഫോണിലേക്കാണ് മമ്മൂട്ടി വിളിക്കുന്നത്. ഫോണ്‍ എടുത്തത് നൗഷാദ് തന്നെയാണ്. മമ്മൂട്ടി നൗഷാദിനെ അഭിനന്ദിച്ചു. നല്ല സന്തോഷമുള്ള കാര്യമാണ് നൗഷാദ് ചെയ്തതെന്ന് മമ്മൂട്ടി പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ മമ്മൂട്ടി നൗഷാദിന് ഈദ് ആശംസകള്‍ കൂടി നേര്‍ന്നാണ് ഫോണ്‍ വച്ചത്.

വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാന്‍ കഴിയുമോ എന്നായിരുന്നു. കടയിലെത്തിയ സംഘത്തെ ഞെട്ടിച്ച് പുതിയ വസ്ത്രങ്ങളെല്ലാം വാരി പല ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്.

Read Also: അള്ളാഹൂവിനെ മുന്‍ നിര്‍ത്തിയാണ് ചെയ്തത്: മമ്മൂട്ടിയോട് നൗഷാദ് പറഞ്ഞത്

‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ’ എന്ന് പറഞ്ഞ് നൗഷാദ് വീണ്ടും ചാക്കുകൾ നിറച്ചു. ഇത് രാജേഷ് ശർമ്മ വീഡിയോയിൽ പകർത്തി. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവർ നൗഷാദിനെ അഭിനന്ദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook