കാസർഗോഡ്: തെരുവു നായ്ക്കളുടെ ആക്രമണത്തിൽനിന്നു മദ്രസയിലേക്കു പോയ കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ തോക്കുമായി നടന്ന ബേക്കല്‍ ഹദ്ദാദ് നഗര്‍ നിവാസിയായ സമീറിനെതിരെ കേസെടുത്തു. ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കൽ പൊലീസ് സമീറിനെതിരെ കേസെടുത്തത്.
കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീര്‍ പ്രതികരിച്ചു. എയര്‍ഗൺകൊണ്ട് വെടിവച്ചാല്‍ നായ ചാകില്ല. ആരെയും അപായപ്പെടത്താന്‍ ശ്രമിച്ചിട്ടില്ല. ഷോ കേസില്‍ വച്ചിരുന്ന എയര്‍ഗണ്ണാണിതെന്നും ഉന്നം തെറ്റാതെ വെടിവയ്ക്കാന്‍ അറിയില്ലെന്നും സമീര്‍ പറഞ്ഞു. തന്‍റെ കുട്ടിയെ സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണ്. അതുമാത്രമാണ് ചെയ്തതെന്നും സമീർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച രാവിലെയാണ് എയർ ഗണ്ണുമായി മദ്രസയിലേക്ക് പോയ കുട്ടികൾക്ക് സമീർ സംരക്ഷണമൊരുക്കിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുത്തത്.
പ്രദേശത്തെ ഒരു ബാലികയെ തെരുവുനായ ആക്രമിച്ച സാഹചര്യത്തില്‍ പുറത്തേക്കുപോകാന്‍ കുട്ടികള്‍ ഭയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു വാടാ മക്കളേ എന്നു പറഞ്ഞുകൊണ്ട് സമീര്‍ തോക്കുമായി ഇറങ്ങിയത്. കുട്ടികള്‍ക്കൊപ്പം തോക്കുമായി നീങ്ങുന്ന സമീറിന്റെ ദൃശ്യം മകനാണു പകര്‍ത്തിയത്. സമൂഹമാധ്യങ്ങളിലൂടെ വീഡിയോ വൈറലായതോടെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണുണ്ടായത്.