scorecardresearch

തെരുവ് നായ ആക്രമിച്ചിട്ടുണ്ടോ? വർഷങ്ങൾ കഴിഞ്ഞാലും നഷ്ടപരിഹാരം ലഭിക്കുമെന്നറിയാമോ?

തെരുവ് നായ കാരണം അപകടത്തിൽപ്പെട്ടവരാണോ? നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും ഈ കമ്മിറ്റി വഴി

തെരുവ് നായ കാരണം അപകടത്തിൽപ്പെട്ടവരാണോ? നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും ഈ കമ്മിറ്റി വഴി

author-image
Christy Babu
അപ്‌ഡേറ്റ് ചെയ്‌തു
New Update
stray dogs|kerala|stray dogs bite|

തെരുവുനായകൾ വഴിയോരങ്ങളിൽ കൂടുതലായി കാണപ്പെടുന്നതിന്റെ പ്രധാന കാരണം പൊതുയിടങ്ങളിൽ കുമിഞ്ഞുകിടക്കുന്ന മാലിന്യങ്ങളാണ്

ഒരു മാസത്തിനിപ്പുറവും നിഹാൽ എല്ലാവരുടെയും മനസ്സിലെ വിങ്ങുന്ന ഓർമ്മയാണ്. അതിദാരുണമെന്നല്ലാതെ ഒന്നും അതിനെക്കുറിച്ച് പറയാനാകില്ല. മറ്റ് ഏത് സംഭവങ്ങളിലും എന്നപോലെ അധികാരകൾ ഓടിയെത്തുകയും നടപടികൾ സ്വീകരിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും പറഞ്ഞു. ഇനിയും നടപ്പാക്കാത്ത നിരവധി വാഗ്ദാനങ്ങളിൽ ഒന്നുമാത്രമായി ഇതും മാറിയാലും അത്ഭുതപ്പെടേണ്ടിതില്ല എന്നതാണ്  ഈ വിഷയത്തിലെ മുൻകാല അനുഭവം. പതിയെ ഇവയുടെ അലകൾ ഒടുങ്ങും ഇനിയും മറ്റൊരു നിഹാൽ ഉണ്ടാകുന്നത് വരെയെങ്കിലും.

തെരുവ് നായകളുടെ സ്വന്തം നാട്

Advertisment

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം ദാറുൽ റഹ്മയിൽ നൗഷാദ് – നുഫീസ ദമ്പതികളുടെ മകൻ നിഹാൽ (10)  മരിച്ചിട്ട് ഒരു മാസം പിന്നിടുന്നു. ജൂൺ 11നാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തെരുവ് നായ്ക്കളുടെ ആക്രമത്തിൽ സംസാരപരിമിതിയുള്ള നിഹാലിന്റെ ജീവൻ നഷ്ടമാകുന്നത്.

നായ്ക്കൾ കടിച്ചുകീറിയപ്പോൾ സംസാരപരിമിതി മൂലം കരച്ചിൽപോലും ആരും കേട്ടില്ല. കുട്ടിയെ കാണാതെ തിരഞ്ഞിറങ്ങിയ നാട്ടുകാർ രാത്രി എഴേമുക്കാലോടെ ഇവിടെയെത്തുന്നതിനും മുൻപ് ആ ജീവൻ നഷ്ടമായിരുന്നു. അതിനുശേഷവും അതേ പരിസരത്ത് തന്നെ വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു. ഭാഗ്യംകൊണ്ട് മാത്രം പല കുട്ടികളും രക്ഷപ്പെട്ടു. ദിവസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്തെ തെരുവ് നായ ശല്യത്തിൽ വലിയ മാറ്റമില്ല. സംഭവത്തിൽ നാടൊന്നാകെ സങ്കടവും പ്രതിഷേധവും ഉയർന്നെങ്കിലും സ്ഥിതിഗതികളിൽ ഇന്നും മാറ്റമൊന്നുമില്ല.

വർധിക്കുന്ന നായശല്യം

തെരുവുനായകളുടെ എണ്ണം ഓരോ ദിവസവും വർധിച്ച് വരികയാണ്. നായ്ക്കളെ പേടിച്ച് യാത്ര ചെയ്യാൻ തന്നെ ആളുകൾക്ക് പേടിക്കുന്ന അവസ്ഥയാണ്. വീടുകളിൽ ഉറങ്ങികിടക്കുന്ന കുട്ടികളെ വരെ നായ കടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് തെരുവുനായകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും  പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാകുന്നില്ല.

Advertisment

10 വർഷത്തിനിടെ 111 പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്. 2022ൽ മാത്രം ഇത് 21 പേരാണ്. കഴിഞ്ഞ വർഷം മാത്രം കടിയേറ്റത് രണ്ടു ലക്ഷത്തോളം പേർക്ക്. ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ എണ്ണവും കുറവല്ല.

stray dogs|stray dogs issue| dog bite|
പേവിഷബാധയേറ്റ് മരിച്ചവരുടെ കണക്കുകൾ

കഴിഞ്ഞ വർഷത്തെ 21 മരണങ്ങളിൽ 11 പുരുഷന്മാർ,ഏഴ് സ്ത്രീകൾ, മൂന്നു കുട്ടികൾ എന്നിവർ ഉൾപ്പെടുന്നു. 2012 മുതലുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ പേവിഷബാധയേറ്റ് മരിച്ചത്, തിരുവനന്തപുരത്താണ് 21.

പ്രധാന ഇരകൾ സാധാരണക്കാർ

തെരുവുനായകൾ വഴിയോരങ്ങളിൽ കൂടുതലായി കാണപ്പെടുന്നതിന്റെ പ്രധാന കാരണം പൊതുയിടങ്ങളിൽ കുമിഞ്ഞുകിടക്കുന്ന മാലിന്യങ്ങളാണ്. മാലിന്യങ്ങൾ ഉപേക്ഷിക്കാൻ തിരഞ്ഞെടുക്കുന്നത് ഇടവഴികളും ഗ്രാമീണ മേഖലകളെന്നോ നഗരമെന്നോ വ്യത്യാസമില്ല. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരും  കുട്ടികളുമാണ് പ്രധാനമായും ആക്രമണത്തിന്റെ ഇരകളാവുന്നതും.

ഇവയുടെ ആക്രമണം ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത് കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ്. നായ കുറുകെ ചാടി അപകടം സംഭവിക്കുന്നവർ ഭീമമായ തുകയാണ് ആശുപത്രികളിൽ നൽകേണ്ടി വരുന്നത്. എന്നാൽ തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ഉണ്ടെന്ന കാര്യം അറിയാമോ? ഇതിനായി സുപ്രീം കോടതി നിർദ്ദേശപ്രകാരം നിയമിച്ചൊരു കമ്മിറ്റി സംസ്ഥാനത്ത് നിലവിലുണ്ട്.

പരാതി നൽകാനായി സമയപരിധിയില്ല എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഒരു വർഷം മുൻപ് നടന്ന സംഭവമാണെങ്കിലും നിങ്ങൾക്ക് പരാതി നൽകാം, എന്നാൽ കൃത്യമായ തെളിവുകള്‍ നൽകേണ്ടതുണ്ട്. മെഡിക്കൽ രേഖകളും ബില്ലുകളും ഹാജരാക്കേണ്ടതുണ്ട്.

നഷ്ടപരിഹാരത്തിനായി കമ്മിറ്റി

സുപ്രീം കോടതി നിർദ്ദേശപ്രകാരം 2016 ഏപ്രിൽ അഞ്ചിനാണ് ജസ്റ്റിസ് (റിട്ട.) സിരിജഗൻ കമ്മിറ്റി രൂപീകരിച്ചത്. സംസ്ഥാനത്തെ തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു നടപടി. നിയമ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറുമാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

വർഷം – തെരുവുനായ്ക്കളുടെ കടിയേറ്റവർ
2017 – 1,35,749
2018 – 1,48,899
2019 – 1,61,055
2020 – 1,60483
2021 – 2,21,379
2022 – 2,88,866

എവിടെയാണ് കമ്മിറ്റി?

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള കോർപറേഷൻ കെട്ടിടത്തിലാണ് ആറ് വർഷമായി കമ്മിറ്റി പ്രവർത്തിക്കുന്നത്. തെരുവുനായയുടെ കടിയേൽക്കുന്നവർ പരാതിയുമായി വന്നാൽ അത് പരിശോധിച്ച് ആവശ്യമായ നഷ്ടപരിഹാരം നിശ്ചയിച്ച് പണം നൽകാനുള്ള നിർദേശം സർക്കാരിന് കൈമാറുകയാണ് കമ്മിറ്റി ചെയ്യുന്നത്. പരുക്കേറ്റവരുടെ പ്രായം, പരുക്കിന്റെ ആഴം, അത് മൂലം ജോലി ചെയ്യാൻ കഴിയാത്ത ദിവസങ്ങൾ, അംഗവൈകല്യം സംഭവിക്കുക, ശരീരഭാഗങ്ങൾ വികൃതമാകുക ഇവയെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാര നൽകേണ്ട തുക കമ്മിറ്റി നിശ്ചയിക്കുന്നത്.

നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാം?

പരിക്കേൽക്കുന്ന വൃക്തി അപേക്ഷ വെള്ളക്കടലാസിൽ തയാറാക്കി കൊച്ചി ഓഫീസിൽ എത്തിക്കുകയോ പോസ്റ്റലായി അയയ്ക്കുകയോ ചെയ്യാം. ഒപി ടിക്കറ്റ്, ചികിത്സാ രേഖകൾ എന്നിവയും ഒപ്പം സമർപ്പിക്കണം. തെരുവുനായയുടെ ആക്രമണത്തിൽ ഇരുചക്രവാഹനത്തിൽ നിന്നു വീഴുകയോ അല്ലെങ്കിൽ നായ വട്ടം ചാടി അപകടം സംഭവിച്ച കേസാണെങ്കിൽ അതുമായി ബന്ധപ്പെട്ട പത്രറിപ്പോർട്ടോ പൊലീസിന്റെ രേഖകളോ എത്തിക്കണം.

അവ ഇല്ലാത്ത സാഹചര്യത്തിൽ ഹിയറിങ്ങിനായി വരുമ്പോൾ സാക്ഷിയെ ഹാജരാക്കിയാലും മതി. പരാതിക്കാരൻ ഒരു തവണയാണ് കമ്മിറ്റിക്ക് മുന്നിൽ ഹിയറിങ്ങിനായി ഹാജരാകേണ്ടത്. അഭിഭാഷകരില്ലാതെ നേരിട്ട് ഹാജരാകാം.

തെരുവുനായയുടെ കടിയേറ്റവർക്ക് സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമാണ്. കമ്മിറ്റി നിർദ്ദേശിക്കുന്ന തുക അപകടം നടന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങളാണ്  നൽകേണ്ടത്. നായ കുറുകെ ചാടി അപകടത്തിൽപ്പെട്ട് മരിച്ച ആൾക്ക് 30 ലക്ഷം രൂപ വരെ കമ്മിറ്റി നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.

കമ്മിറ്റി വഴി അനുവദിച്ച് ഏറ്റവും ചെറിയ തുക 15,000. പലയാളുകൾക്കും അവരുടെ സ്ഥിതി അനുസരിച്ച് 20 ലക്ഷം വരെ നഷ്ടപരിഹാരം നൽകിയിട്ടു"ണ്ടെന്ന് കമ്മിറ്റിയുടെ അധ്യക്ഷനായ ജസ്റ്റിസ് സിരിജഗൻ പറഞ്ഞു.   "കമ്മിറ്റിയുടെ ആദ്യ സിറ്റിങ്ങിൽ ഒരു ഏഴ് വയസ്സുകാരനെ കൊണ്ടുവന്നിരുന്നു. തെരുവ് നായുടെ കടിയേറ്റ കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പേവിഷബാധയുടെ കുത്തിവെയ്പ്പ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ 17-ാം ദിവസം കുട്ടിയ്ക്ക് പനി വന്നു, അതോടെ പ്രശ്നം ഗുരുതരമായി. കുട്ടിയ്ക്ക് നിൽക്കാനും ഇരിക്കാനും പോലും പറ്റാത്ത അവസ്ഥ, സിറ്റിങ്ങിൽ കുട്ടിയെ മാതാപിതാക്കൾ എടുത്തുകൊണ്ടു വരികയായിരുന്നു. ആരോഗ്യപ്രശ്നങ്ങളും ചികിത്സയ്ക്കുമായി 20 ലക്ഷം രൂപ അന്ന് ആ കുട്ടിയ്ക്ക് അനുവദിച്ചിരുന്നു," ജസ്റ്റിസ് സിരിജഗൻ വ്യക്തമാക്കി.

എല്ലാ വർഷവും ഒരു ലക്ഷത്തിലധികം ആളുകളെ തെരുവ് നായ്ക്കൾ ഉപദ്രവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ കമ്മിറ്റി ആരംഭിച്ച് ആറ് വർഷത്തോളമായിട്ടും ലഭിച്ചത് ആറായിരത്തോളം പരാതികൾ മാത്രമാണ്. മൊഴിയെടുക്കാൻ മാത്രമാണ് പരാതിക്കാർക്ക് ഓഫിസിൽ എത്തേണ്ടി വരുന്നത്. നേരത്തെ മറ്റു ജില്ലകളിൽ സിറ്റിങ്ങ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ സാമ്പത്തിക പരിമിതികൾ കാരണം, അത് നടക്കുന്നില്ല.

stray dogs|stray dog bite|case|
തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട് കമ്മിറ്റിയ്ക്ക് ലഭിച്ച പരാതികൾ

പ്രവർത്തനം എങ്ങനെ?

പരാതിക്കാരെയും അത് ഉൾപ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ പ്രതിനിധിയുടെ മൊഴിയെടുക്കും. അതിനുശേഷം തെളിവുകളും മറ്റു പരിശോധിച്ച് റിപ്പോർട്ട് തയാറാക്കും. അത് പിന്നീട് കമ്മറ്റിയിലെ അംഗങ്ങളായ നിയമ സെക്രട്ടറിയ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടറിനും കൈമാറും. ഇത് പിന്നീട് സുപ്രീം കോടതിയിലേക്കും സംസ്ഥാന സർക്കാരിലേക്കും നൽകും.

സർക്കാർ അതത് തദ്ദേശ സ്ഥാപനത്തിനു മൂന്നു നാല് മാസത്തിനുള്ളിൽ നോട്ടീസ് അയയ്ക്കും. അവരാണ് പണം നൽകേണ്ടത്.

നഷ്ടപരിഹാരം തീരുമാനിക്കുന്നത് കമ്മിറ്റി

കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരം നൽകാമെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിട്ടുള്ളതിനാൽ ഈ തുകയിൽ സർക്കാരിന് മാറ്റം വരുത്താൻ കഴിയില്ല. ഈ നഷ്ടപരിഹാരം ലഭിക്കാൻ നിലവിൽ മൂന്ന് നാല് വർഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് പണം നൽകാനുള്ള ഉത്തരവ് സർക്കാർ നൽകാൻ വൈകുന്നതാണ് കാരണം. ചില തദ്ദേശ സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയെ സീമിപിച്ചിരുന്നെങ്കിലും അത് തള്ളി പോയിട്ടുണ്ട്.

നഷ്ടപരിഹാരം അനുവദിച്ചാലും കാലതാമസം ഉണ്ടാകുന്നെന്ന് ജസ്റ്റിസ് സിരിജഗൻ പറയുന്നു. കമ്മിറ്റിയെക്കുറിച്ചും നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയെ കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടായിട്ടില്ലെന്നും അതിനുള്ള ഉത്തരവാദിത്തം സർക്കാരിനാണെന്നും ജസ്റ്റിസ് സിരിജഗൻ പറഞ്ഞു.

"രണ്ടു തരത്തിലുള്ള തെരുവ് നായ്ക്കളാണ് ഉള്ളത് അതിൽ സൗമ്യരായ നായകളെയാണ് ഇപ്പോൾ പിടിച്ചുകൊണ്ടു പോയി വന്ധ്യംകരണം ചെയ്യുന്നത്. ഇത് കണക്ക് വർധിക്കാൻ സഹായിക്കും. എന്നാൽ യഥാർഥ അപകടകാരികൾ ഇപ്പോഴും പുറത്ത് അലഞ്ഞുതിരിയുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള ഇവരെ പിടികൂടി വന്ധ്യംകരിക്കുന്നതിലേക്ക് കാര്യങ്ങൾ മാറണം," ജസ്റ്റിസ് സിരിജഗൻ പറഞ്ഞു.

Stray dogs| Rabies death| dog bite
എല്ലാ വർഷവും ഒരു ലക്ഷത്തിലധികം ആളുകളെ തെരുവ് നായ്ക്കൾ ഉപദ്രവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. പ്രതീകാത്മക ചിത്രം

കമ്മിറ്റിയോടും അവഗണന

സർക്കാരിനു കമ്മറ്റിയോടുള്ള സമീപനമാണ് മറ്റൊരു പ്രശ്നം. സാമ്പത്തിക പരിമിതികൾ കൊണ്ട് വലയുമ്പോഴും അതിനു കൈതാങ്ങ് നൽകാൻ സർക്കാരില്ല. തെരുവുനായകളുടെ ആക്രമത്തിൽ ചികിത്സിക്കാൻ പോലും പണമില്ലാതെ വലയുന്നവർ നിരവധിയാണ്. അവർക്ക് സാമ്പത്തികമായി സഹായം ചെയ്യാൻ കഴിയുന്ന സംവിധാനങ്ങളെപോലും അവഗണിക്കുന്ന മട്ടാണ് സംസ്ഥാന സർക്കാരിന്.

പരാതികൾ നൽകുന്നവർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാരിനും നോട്ടീസ് അയക്കാൻ ജസ്റ്റിസ് സിരിജഗന് സ്വന്തം കൈയ്യിൽ നിന്ന് ചെലവായത് ഒന്നര ലക്ഷത്തിലധികം രൂപയാണ്. തെരുവുനായകളുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം തീരുമാനിക്കാൻ നിയമിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം ഡിസംബറിൽ സെക്രട്ടറിയുടെ കാലാവധി കഴിഞ്ഞതോടെ മന്ദഗതിയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പുതിയ സെക്രട്ടറി ചുമതലയേറ്റത്.

എബിസി പദ്ധതി

നായകളെ കൊന്നു കളയാൻ പാടില്ല എന്ന നിയമഭേദഗതി കൊണ്ടുവരുന്നതിൽ മനേക ഗാന്ധി പ്രധാന പങ്ക് വഹിച്ചിരുന്നു. നായകളെ പിടികൂടുകയും വന്ധ്യംകരിച്ച് കുറച്ച് ദിവസം സംരക്ഷിച്ച ശേഷം തിരികെവിടണമെന്നുള്ള നിർദേശം നടപ്പിലായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളും തെരുവുനായ വന്ധ്യംകരണത്തിനായി പ്രത്യേകം ഫണ്ട് നീക്കി വെച്ചു. എന്നാൽ ഈ ആനിമൽ ബർത്ത് കൺട്രോൾ പദ്ധതിയും (എബിസി) പരാജയമായി മാറുകയായിരുന്നു.

എബിസിയുടെ പരാജയം തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കുന്നതിനു കാരണമാകുന്നു. വന്ധ്യംകരണം തുടർച്ചയായി നടപ്പാക്കിയാൽ മാത്രമേ ഇവ പെറ്റുപെരുകുന്നത് തടയാൻ കഴിയൂ. 2001ലാണ് എബിസി പരിപാടി ആരംഭിക്കുന്നത് എന്നാൽ, ഒരു വർഷം പോലും അത് പൂർണമായി നടപ്പാക്കിയിട്ടില്ല. പല ജില്ലകളിലും വന്ധ്യംകരിച്ച് റോഡരികിൽ ഉപേക്ഷിച്ച നായകൾ വീണ്ടും പ്രസവിച്ചത് വാർത്തയായിരുന്നു.

തെരുവുനായകളുടെ ശല്യം വർധിച്ചതോടെ അവയെ പിടികൂടി വന്ധ്യംകരിച്ച് വാക്സീൻ നൽകി തിരികെ വിടാനുള്ള പരിശ്രമം സെപ്റ്റംബറിൽ വീണ്ടും തുടങ്ങിയിരുന്നു. തെരുവുനായ ശല്യം അതിരൂക്ഷമായിരുന്ന സാഹചര്യത്തിൽ എബിസി സെന്ററിന് സ്ഥലം ലഭിക്കാത്തത് മറ്റൊരു പ്രതിസന്ധിയായി മാറി.

പരാതികൾ അയയ്ക്കാനുള്ള വിലാസം:

ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി,
കൊച്ചി കോർപ്പറേഷൻ യുപിഎഡി ബിൽഡിങ്
പരാമാര റോഡ്, എറണാകുളം നോർത്ത് 682018

Stray Dogs Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: