കൊച്ചി: തൃക്കാക്കരയില്‍ പ്രഭാതസവാരിക്കിറങ്ങിയ 12 ളം പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്ക്. കുസാറ്റ് കാമ്പസിലും പരിസരത്തും നടക്കാനിറങ്ങിയവരെയാണ് നായ കടിച്ചത്. ഒരേ നായയാണ് ഇവരെ എല്ലാവരെയും കടിച്ചതെന്നാണ് വിവരം. പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. ഇതില്‍ 8 പേര്‍ തൃക്കാകരയിലെ സ്വകാര്യ ആശുപത്രിയിലും ,കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയതായാണ് വിവരം.
സ്ത്രീയടക്കം സര്‍വ്വകലാശാല ജീവനക്കാരനും കടിയേറ്റതായും വിവരമുണ്ട്. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയവരില്‍ ഒരാളുടെ കൈവിരലിന് ആഴത്തിലുള്ള മുറിവേറ്റു. കാമ്പസിലെ പൈപ്പ് ലൈന്‍ റോഡ്, തൃക്കാകര അമ്പലം റോഡ് വഴി വന്ന നായയാണ് കടിച്ചത്. ഓടി പോയ നായയെ കണ്ടെത്താനായട്ടില്ല.
കഴിഞ്ഞ ദിവസം ആലപ്പുഴയിലും തിരുവനന്തപുരത്തും തെരുവുനായ ആക്രമണമുണ്ടായിരുന്നു. ആലപ്പുഴയില്‍ ഏഴുവയസുകാരിയെയാണ് തെരുവ് നായ ആക്രമിച്ചത്. സ്‌കൂളില്‍നിന്നും വരുന്ന വഴിയാണ് ഏഴുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ കടിച്ചത്.
തിരുവനന്തപുരത്തും തെരുവ് നായ ആക്രമണത്തില്‍ 25 പേര്‍ക്കാണ് കടിയേറ്റത്. വിളവൂര്‍ക്കലില്‍ വെച്ചാണ് പത്ത് വയസുള്ള വിദ്യാര്‍ത്ഥി അടക്കം 25 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട്, നാലാം കല്ല് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് സമീപത്തെ പല സ്ഥലങ്ങളില്‍ വച്ച് ആളുകളെ ആക്രമിച്ചത്.