കോഴിക്കോട്: ജനിച്ചതിനു പിന്നാലെ ഒറ്റപ്പെട്ടുപോയ നിലയില്‍ കണ്ടെത്തിയ ആനക്കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ തള്ളയാനയ്ക്കു കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ആനക്കുട്ടിയെ പരിചരണത്തിനായി വനംവകുപ്പിന്റെ ഓഫീസിനോടു ചേര്‍ന്നുള്ള ഷെഡിലേക്കു മാറ്റി.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എസ്റ്റേറ്റിലാണു ചൊവ്വാഴ്ച പുലര്‍ച്ചെ നവജാത ആനക്കുട്ടിയെ ഒറ്റപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ തള്ളയാന എത്തിയെങ്കിലും ആനക്കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നു താമരശേരിയില്‍നിന്നു വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സത്യന്‍ എത്തി പരിശോധിച്ചശേഷം ആനക്കുട്ടിയെ പരിചരണത്തിനായി മാറ്റുകയായിരുന്നു. പെരുവണ്ണാമൂഴിയിലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ആനക്കുട്ടിയിപ്പോള്‍.

 

ആനക്കുട്ടിയുടെ പിന്‍കാലിനു വൈകല്യമുണ്ട്. ഇതുകാരണം ശരീരഭാരം താങ്ങാന്‍ കഴിയാത്തതിനാല്‍ എഴുന്നേറ്റുനില്‍ക്കാനാവുന്നില്ല. ഇതുകൊണ്ടായിരിക്കാം കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ തള്ളയാനയ്ക്കു കഴിയാതിരുന്നതെന്നു ഡോ. അരുണ്‍ സത്യന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

പേരാമ്പ്ര എസ്റ്റേറ്റിനോടു ചേര്‍ന്നുള്ള പുഴത്തീരത്താണ് ആന പ്രസവിച്ചത്. ഇവിടെ ഇപ്പോഴും പ്ലാസന്റ കിടക്കുന്നതിനാല്‍ മണംപിടിച്ച് രാത്രിയില്‍ വന്യമൃഗങ്ങള്‍ വന്ന് ആനക്കുട്ടിയെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ആനക്കുട്ടി തണുത്തുവിറയ്ക്കുന്ന അവസ്ഥയിലുമാണ്. ഇതുകാരണമാണു പെട്ടെന്നു വനംവകുപ്പിന്റെ കേന്ദ്രത്തിലേക്കു മാറ്റിയത്.

Read More: അമ്മയില്‍നിന്നു വിട്ടുപോയ ആനക്കുട്ടിക്കുവേണ്ടി തൊഴില്‍ ഉപേക്ഷിച്ചത് 30 പേര്‍

ജനിച്ച് അധികം വൈകാതെ അമ്മയില്‍നിന്നു വിട്ടുപോയതിനാല്‍ ആനക്കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുക പ്രയാസകരമാണെന്നു ഡോ. അരുണ്‍ സത്യന്‍ പറഞ്ഞു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ആനക്കുട്ടി. ജീവന്‍ നിലനിര്‍ത്താനായി ടോണിക്കും ഗ്ലൂക്കോസും ആനക്കുട്ടിക്കു നല്‍കുന്നുണ്ട്.

പേരാമ്പ്ര എസ്റ്റേറ്റിലെ റബര്‍ ടാപ്പിങ് തൊഴിലാളികളാണ് ആനക്കുട്ടിയെ ഒറ്റപ്പെട്ടനിലയില്‍ കണ്ടത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ തള്ളയാന എത്താനായി എസ്‌റ്റേറ്റിലെ എ-4 ബ്ലോക്കിലെ മുപ്പതോളം താല്‍ക്കാലിക റബര്‍ ടാപ്പിങ് തൊഴിലാളികള്‍ചൊവ്വാഴ്ച ജോലിയില്‍നിന്നു വിട്ടുനിന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.