കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്ത് കേസില്‍ കേരള പൊലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടി. നയതന്ത്ര ഇടപെടല്‍ നടത്താന്‍ അന്വേഷണസംഘം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേരള പൊലീസ് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമായി ആശയവിനിമയം നടത്തി. ഇവര്‍ ക്രിസ്മസ് ദ്വീപിലേക്ക് തന്നെയാണ് പോയത്, അവിടെ എത്തിയോ എന്നീ വിവരങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. വിദേശ ബന്ധം സംശയിക്കുന്ന കേസായതിനാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ സംസ്ഥാന പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്.

മുനമ്പത്ത് നിന്ന് ഇരുനൂറോളം പേര്‍ ന്യൂസിലൻഡിലേക്ക് പോയതായാണ് കസ്റ്റഡിയിലുള്ള പ്രഭു പൊലീസിന് മൊഴി നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ നാനൂറോളം ആളുകള്‍ തീരം വിടാന്‍ ശ്രമം നടത്തിയതായും ഇയാള്‍ വെളിപ്പെടുത്തി. വിദേശത്തേക്ക് കടന്നവര്‍ ശ്രീലങ്കന്‍ തമിഴ് വംശജരാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇന്ത്യയില്‍ അഭയാർത്ഥികളായി കഴിഞ്ഞിരുന്ന ശ്രീലങ്കന്‍ അഭയാർത്ഥികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കൃത്യമായ വിവരശേഖരണത്തിന് കഴിഞ്ഞിട്ടില്ല.

തമിഴ്നാട്ടിലെ ശ്രീലങ്കന്‍ ക്യാംപുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. സംഭവത്തിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ബോട്ട് ഉടമ ശ്രീകാന്തനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തില്‍ ഇയാള്‍ വിദേശരാജ്യങ്ങളിലുള്ളവരുമായി പണമിടപാട് നടത്തിയതിന്റെ രേഖകളടക്കം കണ്ടെടുത്തിട്ടുണ്ട്. ശ്രീകാന്തന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത രണ്ട് സിസിടിവി ക്യാമറകളില്‍ പതിഞ്ഞ വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മുഖ്യ ഇടനിലക്കാരന്‍ ശ്രീകാന്തന്‍ രാജ്യം വിട്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളുടെ കുടുംബത്തേയും കാണാനില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.