Rain Live Updates: കൊച്ചി: അറബിക്കടലിന് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പു പ്രകാരം ഒക്ടോബര്‍ ഏഴിന് കേരളത്തില്‍ അതിതീവ്ര മഴ പെയ്യും. മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശവുമുണ്ട്.

Live Updates

8.14 PM:
8.45 PM: പൊൻമുടി, മാട്ടുപ്പെട്ടി ഡാമുകളിലെ കൂടുതൽ ഷട്ടറുകൾ തുറക്കും. ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്കുളള സാധ്യത പ്രവചിച്ചിട്ടുളള സാഹചര്യത്തിൽ പൊൻമുടി, മാട്ടുപ്പെട്ടി ഡാമുകളിലൂടെ കൂടുതൽ വെളളം തുറന്നു വിടും. മാട്ടുപ്പെട്ടി ഡാമിലെ രണ്ടു ഷട്ടറുകളിലൂടെ വെള്ളിയാഴ്ച (ഒക്ടോ.5) രാവിലെ 8 മണി മുതൽ ഘട്ടം ഘട്ടമായി 50 ക്യം മെക്സ് ജലമാണ് തുറന്നു വിടുക, വ്യാഴാഴ്ച രാവിലെ മുതൽ 25 ക്യം മെക്സ് വെള്ളം ഒഴുക്കിവിട്ടിരുന്നതാണ് 50 ക്യം മെക്സായി ഉയർത്തുന്നത്. മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ എന്നീ മേഖലകളിലുളളവർ അതീവ ജാഗ്രത പാലിക്കണം.

പൊൻമുടി ഡാമിൽ നിന്നും തുറന്നു വിടുന്ന വെളളത്തിന്റെ അളവ് വെള’ളിയാഴ്ച (ഒക്ടോ.5) രാവിലെ 10 മുതൽ മൂന്നു ഷട്ടറുകളിലൂടെ ഘട്ടം ഘട്ടമായി 100 ക്യം മെക്സിയി വർധിപ്പിക്കും. സെപ്തം ബർ 25 മുതൽ രണ്ട് ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്ന 45 ക്യം മെക്സ് ജലത്തിന്റെ അളവാണ് ഘട്ടം ഘട്ടമായി 100 ക്യം മെക്സിലേക്ക് ഉയർത്തുന്നത്. പന്നിയാർ, മുതിരപ്പുഴയാർ, പെരിയാർ എന്നീ നദികളുടെ തീരത്തുളളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു

7.54 PM: ന്യൂനമര്‍ദവുമായി ബന്ധപ്പെട്ട മഴക്കെടുതികളെ നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇടുക്കി ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു അറിയിച്ചു. നാളെ മുതല്‍ താലൂക്കു തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള താലൂക്കുകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഇനി അറിയിപ്പുണ്ടാകുന്നതുവരെ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേകിച്ച് നീലക്കുറിഞ്ഞി പൂക്കാലം കാണാനെത്തുന്നതു നിരോധിക്കുമെന്നും കളക്ടര്‍.

7.45 PM: ഡാമുകളിലെ ജലനിരപ്പ് സുരക്ഷിത പരിധിയിലെത്തിക്കുന്നതിന്റെ ഭാഗമായി ഇടുക്കിയില്‍ മൂന്നുഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഓരോ ഷട്ടറുകള്‍ വീതമാണ് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി തുറന്നത്.

7.00 PM: കാസര്‍ഗോഡ് വന്‍ നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റും ഇടിയും മഴയും. വ്യാഴാഴ്ച വൈകിട്ട് 3.15 മണിയോടെയാണ് കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്. കനത്ത ഇടിമിന്നലും മഴയ്ക്കൊപ്പമുണ്ടായിരുന്നു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുന്‍വശത്തെ വന്‍കിട വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നു പോയി തൊട്ടടുത്ത കെട്ടിടത്തിലും പതിച്ചു. കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറും പൂര്‍ണമായും തകര്‍ന്നു.

5.00 PM: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശവുമുണ്ട്.

4.30 PM: സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും പരമാവധി സംഭരണശേഷിയോട് അടുത്തിരിക്കുകയാണ്. മഴ ശക്തമാകുകയാണെങ്കില്‍ മറ്റു ഡാമുകളും തുറന്നുവിടേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ഡാമുകളുടെയും സമീപം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.

4.00 PM: ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റടിക്കും. വെള്ളിയാഴ്ചയോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.