കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന് സ്റ്റോപ് മെമ്മോ. കോഴിക്കോട് പലയിടത്തായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സാഹചര്യത്തിലാണ് നടപടി. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയാണ് മെമ്മോ നല്‍കിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് അതോറിറ്റി മെമ്മോയില്‍ പറയുന്നു.

കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 12 ആയിരുന്നു. റിംഷ ഷെറിന്‍, മാതാവ് നുസ്രത്ത്, ഷംന, മകള്‍ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്. ഉരുള്‍പൊട്ടലില്‍ കാണാതായ റിഫ ഫാത്തിമ മറിയം എന്ന ഒന്നരവയസുകാരിയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും ആരംഭിക്കും. രണ്ടു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്ത് എത്തിയിരുന്നു. അതേസമയം മഴ കുറഞ്ഞ് കാലാവസ്ഥ അനുകൂലമായത് തിരച്ചിലിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്. മഴയ്ക്ക് ശമനമുണ്ടായതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ മലയോര മേഖലകളിലും മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകളാണ് ഒലിച്ചുപോയത്. കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകന്‍ ജാഫര്‍(35), ജാഫറിന്റെ പുത്രന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലിമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒന്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച കണ്ടെടുത്തിരുന്നു. കാണാതായ നസ്റത്തിന്റെ ഒരു വയസുള്ള മകള്‍ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും കണ്ടെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.