കൊച്ചി: മദ്യ വിതരണത്തിനുള്ള ബെവ് ക്യൂ ആപ്പിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ബെവ് ക്യൂ ആപ് പരാജയമാണെന്നും നിർമാതാക്കളായ ഫെയർ കോഡ് ടെക്നോളജിയുമായുള്ള കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ടീ ബസ് മാർക്കറ്റിങ് ഏജൻസി സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
സർക്കാരിനും ബവ്കോയ്ക്കും ഫെയർക്കോഡിനും കോടതി നോട്ടീസയച്ചു. ആപ് നിർമാതാക്കളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടന്ന അഭിമുഖത്തിന്റെ സൂം ദൃശൃങ്ങൾ നശിപ്പിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. കേസിൽ തീർപ്പുകൽപ്പിക്കും വരെ ഫെയർകോഡിന്റെ സേവനം തടയണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
ബെവ് ക്യൂ പരാജയമാണെന്നും പുതിയ ആപ് വികസിപ്പിക്കുന്നതിന് പുതിയ ദാതാക്കളെ തിരഞ്ഞെടുക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു. ഫെയർകോഡ് സ്റ്റാർട്ട്അപ്പ് കമ്പനിയല്ല. വിവര സാങ്കേതിക വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചല്ല കമ്പനിയെ തിരഞ്ഞെടുത്തത്. ആവശ്യകതകൾ വിശദീകരിച്ച് വിജ്ഞാപനം ഇറക്കാതെ തിരക്കിട്ടാണ് കമ്പനിയെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് നടപടി ക്രമത്തിന്റെ ഭാഗമായുള്ള അഭിമുഖവും സാങ്കേതിക പരിശോധനയും പ്രഹസനമായിരുന്നു. കേരള സ്റ്റാർട്ട്അപ്പ് മിഷനിലെ യോഗ്യതയില്ലാത്ത കരാർ ജീവനക്കാരനാണ് സാങ്കേതിക പരിശോധന നടത്തിയത് തുടങ്ങിയ ആരോപണങ്ങളാണ് ഹർജയിൽ ഉന്നയിച്ചിട്ടുള്ളത്.