/indian-express-malayalam/media/media_files/uploads/2019/03/padayappa.jpg)
കൊച്ചി: ആന പ്രേമികളുടെ കണ്ണിലുണ്ണിയായ മൂന്നാറിലെ പടയപ്പയെന്ന കാട്ടുകൊമ്പനെ കല്ലെറിഞ്ഞ് ഓടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടിയാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍. രണ്ടുദിവസം മുമ്പാണ് മൂന്നാറിനടത്തുള്ള തെന്‍മലയില്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ തെന്‍മല ലോവര്‍ ഡിവിഷനിലുള്ള റോഡില്‍ പടയപ്പ ഇറങ്ങിയത്. ഈ സമയം അടുത്തുള്ള തേയിലത്തോട്ടത്തില്‍ നിന്നിരുന്ന രണ്ടു തൊഴിലാളികള്‍ പടയപ്പയുടെ സമീപത്തെത്തി ചിത്രങ്ങളും സെല്‍ഫിയും പകര്‍ത്തിയശേഷം പടയപ്പയെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന ട്രാക്ടര്‍ ആനയെക്കണ്ടു നിര്‍ത്തിയിട്ടിരുന്നു. ഈ ട്രാക്ടറില്‍ ഇരുന്നയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ കല്ലെറിഞ്ഞവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയതായി കേരള അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം എം.എന്‍.ജയചന്ദ്രന്‍ പറഞ്ഞു. സാധാരണയായി ആരെയും ആക്രമിക്കാത്ത കാട്ടാനയാണ് പടയപ്പയെന്നും ആനയെ കല്ലെറിഞ്ഞവര്‍ക്കെതിരെ ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എം.എസ്.സുചീന്ദ്രനാഥ് വ്യക്തമാക്കി.
മൂന്നാറിന്റെ സ്വന്തമായ പടയപ്പ മൂന്നാറിലെയും കേരളത്തിലെമ്പാടുമുള്ളവരുടെയും ആരാധനാപാത്രമായ കാട്ടുകൊമ്പനാണ്. സാധുവും ആരെയും ഉപദ്രവിക്കാത്തുമായ കാട്ടാനയെന്ന പേരിലാണ് പടയപ്പയും എല്ലാവരുടെയും പ്രിയപ്പെട്ടതാകുന്നത്. മൂന്നാറിലെ കാട്ടാനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള കാട്ടാനയ്ക്ക് പടയപ്പയെന്നു പേരു കിട്ടിയത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പടയപ്പയെന്ന സിനിമ പുറത്തിറങ്ങിയ ശേഷമാണ്. എഴുപതു വയസോളം പ്രായമുണ്ടാകുമെന്ന് ആനപ്രേമികള്‍ പറയുന്ന പടയപ്പയെ കാണാതായ സംഭവം മൂന്നാറില്‍ ചര്‍ച്ചാ വിഷയമായിരുന്നു. പിന്നീട് കുറേക്കാലത്തിനു ശേഷം 2017-ലെ തിരുവോണ നാളിലാണ് പടയപ്പ വീണ്ടും മൂന്നാറില്‍ മഹാബലിയെപ്പോലെ തിരിച്ചെത്തിയത്.
അന്നുമുതല്‍ വീണ്ടും പടയപ്പ മൂന്നാര്‍-മറയൂര്‍ റൂട്ടിലെ നിരന്തര സാന്നിധ്യമാണ്. പുറകിലെ ഒരു കാലിന് ചെറിയ മുടന്തുള്ള പടയപ്പയുടെ കൊമ്പ് നീളം കൂടിയതും വടിവൊത്ത ആകൃതിയുള്ളതുമാണ്. സാധാരണയായി മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകള്‍ സജീവ സാന്നിധ്യവും നിരന്തര ശല്യവുമാണെങ്കിലും പടയപ്പയെന്ന കാട്ടാന ആളുകളെ ഉപദ്രവിക്കുന്ന പതിവില്ലെന്നു നാട്ടുകാരും വനപാലകരും പറയുന്നു. പടയപ്പയെ കല്ലെറിഞ്ഞവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും രോഷം പുകയുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.