കൊച്ചി: മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടറിനു നേർക്ക് കാറിൽ സഞ്ചരിക്കവെ കല്ലേറ്. തലയ്ക്കു പരുക്കേറ്റ നിലയിൽ ജോർജ് അലക്സാണ്ടറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തൂറ്റ് ഹെഡ് ഓഫിസിലേക്കു പോകവെ ഇന്നു രാവിലെയാണു സംഭവം.

യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ അനിശ്‌ചിതകാല പണിമുടക്ക് തുടങ്ങിയിരുന്നു. മാനേജ്‌മെന്റിനൊപ്പം നിൽക്കുന്ന ജീവനക്കാരെ എംഡി ജോർജ്‌ അലക്‌സാണ്ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രത്യേക വാഹനങ്ങളിൽ കൊച്ചിയിലെ ഹെഡ്‌ ഓഫീസിലേക്ക്‌ കൊണ്ടുവരാൻ ശ്രമം നടക്കുകയും ഇത് സംഘർഷത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു.

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന നിലപാടിലാണ് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍. ‘കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകൾ പൂട്ടാനും 166 പേരെ പിരിച്ചുവിടാനും തീരുമാനിച്ചത്’. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു.

Read More: കാറിനു മുകളിലൂടെ ബസ് കയറിയിറങ്ങി; ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.

മാനേജ്‍മെന്‍റുമായി ഉണ്ടാക്കിയ സേവന വേതന കരാർ നടപ്പിലാക്കാതെ വന്നതോടെയാണ് സിഐടിയു നേരത്തെ സമരം പ്രഖ്യാപിച്ചത്. ആഗസ്റ്റ് 20 ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒക്ടോബർ പത്ത് സമരം അവസാനിപ്പിച്ചത്.

ഹൈക്കോടതി നിരീക്ഷകന്‍റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുക, താൽക്കാലികമായി 500 രൂപ ശമ്പളം വർധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.