തിരുവനന്തപുരം: നമ്മുടെ നാടിനെ ശിഥിലമാക്കാനുളള അജണ്ടയ്ക്കെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനുളള ശ്രമങ്ങളില്‍ മാധ്യമങ്ങള്‍ ശരിയായ സന്ദേശം മാത്രം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംസ്ഥാനത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കാനാണ് ആര്‍എസ്എസ് ബിജെപി ശ്രമം. എനിക്ക് വിശ്വാസമുളള മതത്തിലെ മറ്റുളളവരും വിശ്വാസിക്കാവൂ എന്ന പ്രഖ്യാപനം ഉണ്ടായില്ലേ. ഇത് ശരിയായ രീതിയില്‍ തുറന്ന് കാണിക്കണ്ടേ. ഇത്തരം കാര്യങ്ങളില്‍ തങ്ങളുടെ വാര്‍ത്താ വിന്യാസം ഏതിനെ പിന്തുണയ്ക്കുന്നു എന്ന് തിരിച്ചറിയണം. വാര്‍ത്ത വാര്‍ത്തയായി നല്‍കലല്ല, അത് സമൂഹത്തിന് എങ്ങനെ ഉപകരിക്കുന്നു എന്ന് നോക്കണം. ഇന്നലെ സന്നിധാനത്ത് ഭക്തരെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന് ബോധപൂര്‍വ്വം കൊടുക്കാം. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് പ്രശ്നമുണ്ടാക്കാനായി ആര്‍എസ്എസ് അവിടെ എത്തി എന്നതാണ്. സന്നിധാനത്ത് നമുക്ക് വേണ്ടത് സമാധാനത്തോടെയുളള അയ്യപ്പ ദര്‍ശനമാണ്. ആരാണ് അവിടെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്ന് സമൂഹത്തിന് അറിയാം, അപ്പോള്‍ യഥാര്‍ത്ഥ ഭക്തരെയാണ് അറസ്റ്റ് ചെയ്തതെന്ന് പറയാന്‍ കഴിയില്ല. ശാന്തിക്കും സമാധാനത്തിനും ആഗ്രഹിക്കുന്നവരുടെ കൂടെയാണോ. കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുടെ കൂടെയാണോ നില്‍ക്കേണ്ടതെന്ന് മാധ്യമങ്ങള്‍ തീരുമാനിക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.

”സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നല്ലാതെ മറ്റൊന്നും സര്‍ക്കാരിന് ചെയ്യാനില്ല. ഇനി ഇന്ന് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊന്ന് നാളെ കോടതി പറഞ്ഞാല്‍ അതിന്റെ കൂടെ മാത്രമെ സര്‍ക്കാരിന് നില്‍ക്കാന്‍ കഴിയുകയുളളൂ. സര്‍ക്കാരിന് വേറെ മാര്‍ഗമില്ല. അപ്പോഴും ശരിയായ സന്ദേശം നല്‍കാനാണോ പലരും തയ്യാറായിട്ടുളളത്. കോടതിവിധിയുടെ കൂടെ നിന്നുളള സന്ദേശമല്ലെ ജനങ്ങളെ അറിയിക്കേണ്ടത്. കോടതി വിധി ഉണ്ടെന്ന് കരുതി സ്ത്രീകളെ കയറ്റാനുളള പ്രവര്‍ത്തനമല്ല സര്‍ക്കാര്‍ ചെയ്യുന്നത്. വരുന്ന സ്ത്രീകള്‍ക്ക് പുരുഷനെ പോലെ ആരാധന സ്വാതന്ത്ര്യമുണ്ടെന്നതിന്റെ കൂടെ മാത്രമേ സര്‍ക്കാരിന് നില്‍ക്കാന്‍ കഴിയൂ.”

”നിയമപ്രകാരം ചെയ്യാന്‍ ബാദ്ധ്യതയുളളതാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കുമ്പോള്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനുളള പങ്ക് മാധ്യമങ്ങള്‍ വഹിക്കണം. ഇതില്‍ ആശങ്ക പുലര്‍ത്തേണ്ട കാര്യമില്ല. നമ്മുടെ നാടിന്റെ മതനിരപേക്ഷത ഇല്ലാതാക്കാനും സംസ്ഥാനത്തെ അപമാനിക്കാനും ശ്രമം നടന്നിട്ടുണ്ട്. അതിനൊന്നും നമ്മള്‍ വഴങ്ങിയിട്ടില്ല. ലോകം മുഴുവനും അതിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഒരു പ്രത്യേക അജണ്ടയുണ്ട്. ഒരു ഭാഗത്ത് ഇന്നുളള കേരളം ഇല്ലാതാവുന്നു. അത് അനുവദിച്ച് നല്‍കില്ല. നമ്മള്‍ ഇന്ത്യയ്ക്ക് തന്നെ മതനിരപേക്ഷകരായി മാതൃകയാവുകയാണ്. ഒന്നിച്ച് നിന്നാല്‍ ഒരു പോറലും ഏല്‍ക്കാതെ നമ്മുടെ നാടിനെ സംരക്ഷിക്കാനാകും. അതിന് നിങ്ങളുടെ ഭാഗത്ത് നിന്ന് കൂടി സഹകരണം ഉണ്ടാവണം,” മുഖ്യമന്ത്രി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ