കൊച്ചി: ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ എ.രാജയ്ക്ക് 10 ദിവസത്തെ സാവകാശമാണ് കോടതി അനുവദിച്ചത്. ദേവികുളം എംഎല്‍എ എ രാജയുടെ വിജയം കഴിഞ്ഞദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്.
ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ സുപ്രീംകോടതി അപ്പീല്‍ സ്വീകരിക്കും വരെ സ്റ്റേ അനുവദിച്ചത്. എന്നാല്‍ എംഎല്‍എ എന്ന നിലയിലുള്ള എ രാജയുടെ അവകാശങ്ങള്‍ കോടതി തടഞ്ഞു. ഈ കാലയളവില്‍ എം എല്‍ എ എന്ന നിലയില്‍ യാതൊരുവിധ പ്രതിഫലവും വാങ്ങാന്‍ പാടില്ല. വോട്ടവകാശവും ഉണ്ടാവില്ല. വ്യവസ്ഥയ്ക്ക് വിധേയമായി സ്റ്റേ അനുവദിച്ചു.
തെരഞ്ഞെടുപ്പു കേസുകളില്‍ അയോഗ്യരാക്കിയാല്‍ സാധാരണയായി മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ വിധി തല്‍ക്കാലത്തേക്ക് തടഞ്ഞ് അതേ ബഞ്ചു തന്നെ അവസരം നല്‍കാറുണ്ട്. എ രാജ ഹിന്ദു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നും, ക്രിസ്തുമത വിശ്വാസിയായ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇന്നലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. രാജ ക്രിസ്ത്യന്‍ സിഎസ്ഐ വിഭാഗത്തില്‍പ്പെടുന്നയാളാണെന്ന് കുമാര്‍ കോടതിയെ അറിയിച്ചു. ഗുണ്ടള എസ്റ്റേറ്റില്‍ താമസിക്കുന്ന രാജയ്ക്കും കുടുംബത്തിനും സിഎസ്ഐ പള്ളിയില്‍ അംഗത്വമുണ്ട്. രാജയുടെ വിവാഹം പള്ളിയില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് നടന്നതെന്നും കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു.