ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്തതിൽ അപലപിച്ചും, താരസംഘടനയിൽ നിന്നും രാജിവച്ചൊഴിഞ്ഞ നടിമാരെ പിന്തുണച്ചും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അക്കാദമിക്-സാംസ്കാരിക-സാമൂഹിക പ്രവർത്തകർ.

അങ്ങേയറ്റം ഞെട്ടലോടെയും ആശങ്കയോടെയുമാണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ് എന്ന സംഘടനയില്‍ നാല് അഭിനേത്രികളുടെ രാജിയിലേക്ക് നയിച്ച, മലയാള ചലച്ചിത്രമേഖലയിലെ സംഭവവികാസങ്ങളെ ഞങ്ങള്‍ നോക്കിക്കാണുന്നത്. ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരാളോട് ഒരു സംഘടന എന്ന നിലയില്‍ എഎംഎംഎ പുലര്‍ത്തുന്ന അവഹേളനപരമായ നിലപാടിനെ തുറന്നു കാണിക്കുന്നതാണ് നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം. സംഭവത്തിലെ ഏഴാം പ്രതിയായ, നടിയെ അപമാനിക്കുക, തട്ടിക്കൊണ്ടുപോകുക എന്നീ കുറ്റകൃത്യങ്ങളുടെ ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകനെന്നും, ആക്രമിക്കപ്പെട്ട നടിയ്‌ക്ക് സിനിമയിലെ അവസരങ്ങള്‍ നിഷേധിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ആരോപണമുണ്ട്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ആക്രമണത്തിനെ അതിജീവിച്ച നടിയെ പിന്തുണയ്‌ക്കുന്നതിനു പകരം, സിനിമാരംഗത്തെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ രൂപീകരിച്ച വിമണ്‍ ഇന്‍ കളക്‌ടീവ് എന്ന സംഘടനയെ, തങ്ങളുടെ ഒരു ഫണ്ട് ശേഖരണപരിപാടിയില്‍ വച്ച് മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍താരങ്ങള്‍ പ്രധാന വേഷത്തിലെത്തിയ ‘ഹാസ്യ’ പരിപാടിയിലൂടെ പരിഹസിച്ചുകൊണ്ടാണ് ആ സംഘടന തങ്ങളുടെ പുരുഷാധിപത്യ നിലപാട് വ്യക്തമാക്കിയത്. ഇതൊരു സാംസ്‌കാരിക സമൂഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റമല്ല. ഒപ്പം, ഒരു സമൂഹത്തിന്റെ ബോധത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച സിനിമാമേഖലയുടെ സംസ്‌കാരത്തിനും ചേരുന്ന നടപടിയല്ല.

ലോക സിനിമകളുടെ സംസ്‌കാരത്തോട് കിടപിടിക്കുന്ന തരത്തില്‍ ഉത്തരവാദിത്തമുള്ള ഒരു മാധ്യമമായാണ് മലയാള സിനിമ ഇന്നുവരെ നിലകൊണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അപ്രതീക്ഷിതവും അസ്വീകാര്യവുമാണ്. ഭൂരിപക്ഷം നടീനടന്‍മാരും ഉള്‍പ്പെട്ടതെന്നു അവകാശപ്പെടുന്ന ഒരു ട്രേഡ് യൂണിയനില്‍ നിന്ന് ഇങ്ങിനെയുള്ള നീക്കം തീര്‍ത്തും അപലപനീയമാണ്. സിനിമാ മേഖലയില്‍ ലോകത്തൊട്ടാകെ നടക്കുന്ന മീ ടൂ ക്യാംപെയിനും ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ സംഭവവും ചര്‍ച്ചയാകുന്ന ഈ ഘട്ടത്തില്‍ എഎംഎംഎ പ്രസ്‌തുത വിഷയത്തില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത് അന്യായമാണെന്ന് നിസ്സംശയം പറയാം.

ഒപ്പം കേരളത്തിലെ ഭരണകക്ഷിയുടെ ഭാഗമായ ജനപ്രതിനിധികളാണ് ഈ സംഘടനയുടെ തലപ്പത്ത് എന്നത് തീര്‍ത്തും ഖേദകരമാണ്. അവരുടെ നടിപടികളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഈ ജനപ്രതിനിധികളോട് സിപിഎം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ, തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമ (പ്രിവന്‍ഷന്‍, പ്രൊഹിബിഷന്‍ ആന്‍ഡ് റിഡ്രസ്സെല്‍ ) നിയമം 2013 പ്രകാരം തങ്ങളുടെ സംഘടനയിലെ സ്ത്രീകള്‍ക്കെതിരെ പ്രസ്‌തുത കേസിലോ മറ്റേതെങ്കിലും അവസരങ്ങളിലോ ഉണ്ടാകാന്‍ സാധ്യതയുള്ള അതിക്രമങ്ങളെ എഎംഎംഎ പരിഗണിച്ചിട്ടില്ല എന്നതും നിരാശപ്പെടുത്തുന്ന വസ്‌തുതയാണ്.

സംഘടനയില്‍ നിന്നും രാജി വച്ച വിമണ്‍ ഇന്‍ സിനിമാ കളക്‌ടീവ് അംഗങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ പിന്തുണ അറിയിക്കുന്നതോടൊപ്പം, ആക്രമണത്തെ അതിജീവിക്കുകയും ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ക്കു വേണ്ടി നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്‌ത അഭിനേത്രിയ്‌ക്കും പിന്തുണ അറിയിക്കുന്നു.

ഈ വിഷയത്തില്‍ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമണ്‍സ് അസോസിയേഷന്‍ മുന്നോട്ടുവച്ച പ്രസ്‌താവനയെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ, എഎംഎംഎയുടെ അത്യന്തം പരിഹാസ്യമായ നടപടിയെക്കുറിച്ച് സിപിഎമ്മും മറ്റു സംഘടനകളും ചര്‍ച്ചചെയ്യുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആക്രമണത്തെ അതിജീവിച്ച നടിക്ക് സംരക്ഷണം നല്‍കണമെന്നും നിലവിലെ സാഹചര്യത്തില്‍ ദിലീപ് ഉള്‍പ്പെട്ട കേസിന്റെ തെളിവുകള്‍ നശിപ്പിക്കപ്പെടാതാരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരള സര്‍ക്കാരിനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഉമ ചക്രവർത്തി, ഫ്ലേവ്യ ആഗ്നസ്, ദീപ ധൻരാജ്, മേരി ഇ.ജോൺ, എസ്.ആനന്ദി, സൂസി തരു, ജി.അരുണിമ എന്നിവരുൾപ്പെടെ 80 പേർ പ്രസ്‌താവനയിൽ ഒപ്പിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.