ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ആലപ്പുഴ ഒരുങ്ങി കഴിഞ്ഞു. മഹാപ്രളയം ദുരിതം വിതച്ച കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന കലാമേളയ്ക്കാണ് നാളെ അരങ്ങുണരുക. ഇത് നാലാം തവണയാണ് ആലപ്പുഴയുടെ മണ്ണിൽ കലോത്സവം വിരുന്നെത്തുന്നത്.

കുട്ടികളുടെ വീറും വാശിയും അരങ്ങിൽ തെളിയുന്നതോടെ കലോത്സവം സജീവമാകും. 29 വേദികളില്‍ 188 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. പന്ത്രണ്ടായിരത്തോളം കുട്ടികളാണ് ഇത്തവണത്തെ കലോത്സവത്തിൽ മാറ്റുരക്കുന്നത്. നാളെ രാവിലെ 8.30 ന് ഗവ. മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ പതാകയുയര്‍ത്തും.

കേരളം ഇന്ന് വരെ അനുഭവിച്ചട്ടില്ലാത്ത കലാമേളയാകും ഇത്തവണത്തേത്. ഉദ്ഘാടന, സമാപന സമ്മേളനങ്ങളും സ്വര്‍ണക്കപ്പും, ട്രോഫി വിതരണവും ഒന്നുമില്ലാതെയാണ് സ്‌കൂള്‍ കലോത്സവം. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം നടത്തുന്ന കലോത്സവത്തില്‍ വിജയികളാകുന്നവർക്ക് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നൽകുന്നത്.

മത്സരം കഴിഞ്ഞാലുടൻ വിധികർത്താക്കൾ ഫലം പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് പുറമെ വിശദമായ മത്സരഫലം അതാത് വേദികളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ജില്ലകളുടെ പോയിന്റുകൾ പ്രത്യോക സ്കോർബോർഡിലും പ്രദർശിപ്പിക്കും. മത്സരവുമായി ബന്ധപ്പെട്ട പരാതികൾ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനകം 2500 രൂപ ഫീസോടുകൂടി രേഖാമൂലം വിദ്യാർത്ഥിയുടെ ഒപ്പു സഹിതം ടീം മാനേജർ വിദ്യാഭ്യാസ ഡയറക്ടർക്കോ ജനറൽ കൺവീനർക്കോ സമർപ്പിക്കണം.

കെഎസ‌്ടിഎയാണ് കലോത്സവത്തിന്റെ ഭക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ദിവസേന 12,000 പേർക്ക‌് ഭക്ഷണമൊരുക്കാനുള്ള തയ്യാറെടുപ്പാണ‌് കെഎസ‌്ടിഎ നടത്തിയിട്ടുള്ളത‌്. പ്രഭാതഭക്ഷണമായി പുട്ട‌്, ഉപ്പുമാവ‌്, ഇഡ്ഡലി എന്നിവയിലേതെങ്കിലും ഓരോ ദിവസവും നൽകും. ഉച്ചഭക്ഷണത്തിന‌് അഞ്ചുതരം കറികളും പായസവുമുണ്ട‌്. അവസാനദിനമായ ഒമ്പതിന‌് അമ്പലപ്പുഴ പാൽപ്പായസമൊരുക്കിയാണ‌് ഉച്ചഭക്ഷണം. പഴയിടം മോഹനൻനമ്പൂതിരി സൗജന്യമായി ഇക്കുറി ഭക്ഷണം പാകംചെയ്യുന്നതും.

ഭക്ഷണ വിതരണ സമയക്രമം
* പ്രഭാത ഭക്ഷണം: രാവിലെ 7.30 മുതൽ 9.30 വരെ
* ഉച്ചഭക്ഷണം: 11.30 മുതൽ 2.30
* വൈകിട്ട്: 4 മുതൽ 5.30 വരെ
* രാത്രി ഭക്ഷണം: 7 മുതൽ 10.00 വരെ

സംസ്ഥാന സ‌്കൂൾ കലോത്സവ വേദികളുടെ ചുമതല 300 അധ്യാപകർക്ക‌ാണ് നൽകിയിരിക്കുന്നത്. അഞ്ച‌് അധ്യാപകരെ വീതമാണ‌് ഓരോ സ‌്റ്റേജിലും നിയോഗിച്ചിട്ടുള്ളത‌്. സ‌്റ്റേജ‌് മാനേജർ, അസിസ‌്റ്റന്റ‌് സ‌്റ്റേജ‌് മാനേജർ, ടൈമർ, രണ്ട‌് ഒഫീഷ്യൽ എന്നീ ക്രമത്തിലാണ‌് അധ്യാപകർക്ക‌് ചുമതല. ഓരോ സ‌്റ്റേജിലും അഞ്ച‌് അധ്യാപകർ വീതം രണ്ട‌് ഷിഫ‌്റ്റുകളിലായാകും ഉണ്ടാവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.