തിരുവനന്തപുരം: പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കേസെടുത്തശേഷം വധഭീഷണി ഉണ്ടായെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. വധഭീഷണി മുഴക്കിക്കൊണ്ടുളള ഭീഷണിക്കത്തുകൾ കിട്ടി. പോസ്റ്റൽ വഴി മനുഷ്യ വിസർജ്യം വനിതാ കമ്മിഷൻ ഓഫിസിലേക്ക് അയച്ചു. നടിയെ ആക്രമിച്ച കേസിൽ ഇടപെട്ട വനിതാ കൂട്ടായ്മയിലെ അംഗങ്ങൾക്കും ഭീഷണിയുളളതായി പരാതി ലഭിച്ചുവെന്നും ജോസഫൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ സ്വമേധയാ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തിരുന്നു. ഇതിനുപിന്നാലെ കമ്മിഷനെ രൂക്ഷമായി വിമർശിച്ച് പി.സി.ജോർജ് രംഗത്തെത്തിയിരുന്നു. കമ്മിഷൻ വിളിപ്പിച്ചാലും സൗകര്യമുണ്ടെങ്കിൽ മാത്രം മൊഴി നൽകുമെന്നായിരുന്നു പി.സി.ജോർജിന്റെ പ്രതികരണം. തൂക്കിക്കൊല്ലാൻ വിധിക്കാനൊന്നും കമ്മിഷനു സാധിക്കില്ലല്ലോയെന്നും ജോർജ് പരിഹസിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ദിലീപിന് പിന്തുണയുമായി പി.സി.ജോർജ് എത്തിയിരുന്നു. നടിക്കെതിരെ പല തവണ മോശം പരാമർശം നടത്തുകയും ചെയ്തു. ആക്രമണം നടന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എങ്ങനെ നടി അഭിനയിക്കാന്‍ പോയെന്ന പി.സി. ജോര്‍ജിന്റെ ചോദ്യമാണ് ഏറെ വിവാദമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ