കൊച്ചി: കേരളത്തിലെ ഉൾനാടൻ ജല ഗതാഗത പാതയിൽ കൂടുതൽ സൗരോർജ്ജ നിയന്ത്രിത ബോട്ടുകളിറക്കാൻ ഗതാഗത മന്ത്രി കേന്ദ്രത്തിന്റെ സഹായം തേടി. പത്ത് ബോട്ടുകളിറക്കുന്നതിനാണ് കേന്ദ്ര സർക്കാരിൽ നിന്ന് 20 കോടി രൂപ സഹായം തേടിയത്. പദ്ധതിയുടെ ചിലവ് കേന്ദ്രം വഹിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ഓഫീസിൽ നിന്ന് അറിയിച്ചു.
പ്രധാനമായും കൊച്ചി-ആലപ്പുഴ മേഖലയിലാണ് ഇപ്പോൾ ബോട്ട് സർവ്വീസുകൾ ഉള്ളത്. വൈക്കം-തവണക്കടവ് റൂട്ടിൽ കഴിഞ്ഞ മാസം സോളാർ ബോട്ട് സർവ്വീസ് ആരംഭിച്ചിരുന്നു. ഈ യോഗത്തിൽ കൂടുതൽ ബോട്ടുകളിറക്കാൻ സഹായിക്കാമെന്ന് പാരന്പര്യേതര ഊർജ്ജ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഉറപ്പു നൽകിയ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി കത്തയച്ചിരിക്കുന്നത്.
രണ്ട് കോടിയോളം രൂപ ചിലവിലാണ് സൗരോർജ്ജ നിയന്ത്രിത തടി ബോട്ട് നിർമ്മിക്കുന്നത്. ഇതിന് ഏതാണ്ട് ഒന്നര വർഷത്തോളം സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടുതൽ ആഴം ഉള്ള ഇടങ്ങളിൽ മാത്രമേ ബോട്ട് സർവ്വീസ് നടത്താനാകൂ. മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബോട്ടിന്റെ ഒരു ദിവസത്തെ പ്രവർത്തന ചിലവ് വെറും 200 രൂപയാണ്. മറ്റ് ബോട്ടുകളുമായി താരതമ്യം ചെയ്യുന്പോൾ പാതിയോളം തൂക്കം കുറവാണ്.
ഈ ബോട്ടുകൾക്ക് സംസ്ഥാന സർക്കാരിന്റെ ധനസഹായം സംസ്ഥാന ജല ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നില്ല. മുഴുവനായും കേന്ദ്ര സഹായത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ശ്രമം. എന്നാൽ നിലവിൽ 30 ശതമാനം മുതൽ 50 ശതമാനം വരെ പദ്ധതി വിഹിതമാണ് കേന്ദ്രം നൽകി വരുന്നത്. സൗരോർജ്ജ ബോട്ടുകൾക്ക് മുഴുവൻ തുകയും കേന്ദ്രം നൽകുമെന്ന വിശ്വാസത്തിലാണ് മന്ത്രിയും വകുപ്പും.