കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കാസർഗോഡ് തുടക്കമായി. 60-ാമത് സ്കൂൾ കലോത്സവത്തിന് സപ്തഭാഷ സംഗമ ഭൂമിയായ കാഞ്ഞങ്ങാടാണ് മുഖ്യ വേദിയാകുന്നത്. 28 വേദികളിലായി 239 ഇനങ്ങളിൽ മാറ്റുരയ്ക്കാൻ എത്തിയിരിക്കുന്നത് 12,000ൽ അധികം വിദ്യാർഥികളാണ്.
രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തിയതോടെയാണ് കലോത്സവത്തിനു തുടക്കമായത്. രാവിലെ 9നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. 60 അധ്യാപകർ അവതരിപ്പിക്കുന്ന സ്വാഗതഗാനമാണ് ഉദ്ഘാടന സമ്മേളനത്തിന്റെ പ്രധാന പ്രത്യേകത. ഇതിനൊപ്പം വിദ്യാർഥികളുടെ നൃത്തപ്രകടനവും കണ്ണിന് മിഴിവേകി.
വിവിധ ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾ കാസർഗോഡ് എത്തികഴിഞ്ഞു. മികച്ച സൗകര്യങ്ങളാണ് വിദ്യാർഥികൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നതും. പഴയിടം മോഹനൻ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുളള ഭക്ഷണം ദിവസവും ഒരുക്കും. പൂർണമായും ഹരിതച്ചട്ടം പാലിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
പ്രധാന വേദിയൊഴികെ എല്ലാ വേദികളിലും ഇന്ന് ഒമ്പതിന് തന്നെ മത്സരങ്ങൾ ആരംഭിച്ചു. എച്ച്എസ് – 96, എച്ച്എസ്എസ്- 105, സംസ്കൃതം-19, അറബിക് – 19 എന്നീ വിഭാഗങ്ങളിലാണു മത്സരങ്ങൾ നടക്കുക. മത്സരം കഴിഞ്ഞാലുടൻ വേദിയിൽ തന്നെ ഫലപ്രഖ്യാപനമുണ്ടാകും. വെബ്സൈറ്റിലൂടെയും മത്സരഫലം അറിയുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പൂമരം ആപ്പ് വഴി ഫലം അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തത്സമയം പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനും സംവിധാനവുമുണ്ട്.
പ്രധാനവേദിക്ക് സമീപം തന്നെയാണ് സർട്ടിഫിക്കറ്റുകളും ട്രോഫിയും സമ്മാനിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവനാളുകൾക്കും ട്രോഫി നൽകും.