ആലപ്പുഴ: സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കിയുളളപ്പോൾ ഒന്നാം സ്ഥാനത്തിനുളള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടും പാലക്കാടും തമ്മിലാണ് ഒന്നാം സ്ഥാനത്തിന് വേണ്ടിയുളള പോരാട്ടം. കോഴിക്കോട് ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ പാലക്കാടാണ്. കണ്ണൂർ മൂന്നാം സ്ഥാനത്തും തൃശ്ശൂർ നാലാം സ്ഥാനത്തും മലപ്പുറം അഞ്ചാം സ്ഥാനത്തുമുണ്ട്.
അവസാന ദിനത്തിൽ സംഘനൃത്തമാണ് കാണികളുടെ മനം കീഴടക്കിയത്. ചടുലമായ നൃത്തച്ചുവടുകളും വേഷവിധാനങ്ങളുടെ വൈവിധ്യവും ഇത്തവണയും സദസ്സിന്റെ മനം കവർന്നു. വിവിധ വേദികളിൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. പല വേദികളിലും മത്സരങ്ങൾ വൈകി തുടങ്ങിയത് ചെറിയൊരു ആശങ്ക സൃഷ്ടിക്കുന്നു. മത്സരങ്ങൾ പുലർച്ചെ വരെ നീണ്ടേക്കുമോയെന്നതാണ് ആശങ്ക.
അതേസമയം, അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം കാസർഗോഡ് ജില്ലയിലെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകും. അങ്ങനെയെങ്കിൽ ആദ്യമായിട്ടായിരിക്കും കലോത്സവത്തിന് കാസർഗോഡ് വേദിയാകുന്നത്.
കുട്ടികളുടെ വീറും വാശിയും അരങ്ങിൽ തെളിഞ്ഞതോടെ കലോത്സവം സജീവമായിട്ടുണ്ട്. 29 വേദികളില്‍ 188 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. പന്ത്രണ്ടായിരത്തോളം കുട്ടികളാണ് ഇത്തവണത്തെ കലോത്സവത്തിൽ മാറ്റുരക്കുന്നത്. കേരളം ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത കലാമേളയാകും ഇത്തവണത്തേത്. ഉദ്ഘാടന, സമാപന സമ്മേളനങ്ങളും സ്വര്‍ണക്കപ്പും, ട്രോഫി വിതരണവും ഒന്നുമില്ലാതെയാണ് സ്കൂള്‍ കലോത്സവം. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം നടത്തുന്ന കലോത്സവത്തില്‍ വിജയികളാകുന്നവർക്ക് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നൽകുന്നത്.