കാഞ്ഞങ്ങാട്: കൗമാര കലാ മാമാങ്കം കാഞ്ഞങ്ങാട് പുരോഗമിക്കുമ്പോൾ സ്വർണകപ്പിനായി ഇഞ്ചോടിഞ്ച് മത്സരിച്ച് വടക്കൻ ജില്ലകൾ. 60-ാമത് സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം പുരോഗമിക്കുമ്പോൾ കോഴിക്കോട് ജില്ലയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ആദ്യ ദിനം മുതൽ ഒന്നാം സ്ഥാനത്ത് തുടരുന്ന കോഴിക്കോടിന് നിലവിൽ 504 പോയിന്രാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന് 498 പോയിന്റും മൂന്നാം സ്ഥാനത്തുള്ള തൃശൂരിന് 496 പോയിന്റുമാണുള്ളത്.

രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയില്ലെത്തിയതോടെ സദസിലെ പങ്കാളിത്തവും വർധിച്ചു. കലോത്സവ വേദിയിലെ ഏറ്റവും പ്രിയപ്പെട്ട ഇനമായ ഒപ്പനയായിരുന്നു എന്നത്തെ പ്രധാന സവിശേഷത. ആയിരകണക്കിന് ആളുകളാണ് മൊഞ്ചത്തിമാരായ മണിവാട്ടികളെയും കൂട്ടുകരികളെയും അവരുടെ ചടുലമായ നൃത്തചുവടുകളും കാണാൻ പ്രധാന വേദിയിലെത്തിയത്.

അറബനമുട്ട്, പരിചമുട്ട് എന്നിങ്ങനെ വേദിയെ ഇളക്കിമറിക്കുന്ന കുട്ടികളുടെ പ്രകടനങ്ങൾ കാണാനും വലിയ തിരക്ക് അനുഭവപ്പെട്ടു.

അതേസമയം നാടൻ പാട്ട് വേദിയിൽ സംഘർഷം. ശബ്ദ സംവിധാനത്തിൽ പോരായ്മയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നാല് പരിശീലകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതിഷേധമുണ്ടായതോടെ കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു. ഹയർ സെക്കന്ററി വിഭാഗം നാടൻ പാട്ട് മത്സരം നടന്ന 27-ാം വേദിയിലാണ് പ്രതിഷേധമുണ്ടായത്.2000 വാട്‌സ് ശബ്ദസംവിധാനം അപര്യാപ്തമാണെന്നാരോപിച്ചാണ് പരിശീലകരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത്. കുറച്ച് പേർ വേദിക്ക് മുന്നിൽ നാടൻ പാട്ട് പാടി പ്രതിഷേധിച്ചു.

ജഡ്ജുമാരെ ചൊല്ലി മൈം വേദിയിലും തർക്കമുണ്ടായി. ബ് ജില്ലയിൽ ജഡ്ജായി ഇരുന്നവരിലെ രണ്ടു പേര്‍ തന്നെ സംസ്ഥാനകലോത്സവത്തിനും ജഡ്ജായി വന്നത് മത്സരാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കലോത്സവ വേദിയിലേക്ക് കാണികൾ ഒഴുകിയെത്തിയതോടെ നഗരത്തിൽ ഗതാഗതവും തടസപ്പെട്ടു. ഗതാഗതപ്രശ്നം രൂക്ഷമായതോടെ ജില്ലാകളക്ടർ വരെ ഗതാഗതം നിയന്ത്രിക്കാൻ രംഗത്തിറങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.