കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കിരീടം നിലനിർത്തി പാലക്കാട്. അവസാന ദിവസം നടത്തിയ കുതിപ്പിലൂടെയാണ് പാലക്കാട് 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണ കിരീടം ഉയർത്തുന്നത്. 951 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം നിലനിർത്തിയത്. കോഴിക്കോടും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്. ഇരു ജില്ലകളും 949 പോയിന്റ് വീതം നേടി. അവസാന ദിവസമായ ഇന്നും തുടക്കത്തിൽ കോഴിക്കോടും കണ്ണൂരുമാണ് മുന്നിട്ടു നിന്നിരുന്നത്. എന്നാൽ എല്ലാ മത്സരങ്ങളുടെ ഫലം വന്നതോടെ പാലക്കാട് മുന്നിലേക്ക് കുതിച്ചു.
ഇത് മൂന്നാം തവണയാണ് പാലക്കാട് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണകപ്പിൽ മുത്തമിടുന്നത്. കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടന്ന കലോത്സവത്തിലും പാലക്കാട് തന്നെയായിരുന്നു വിജയികൾ. അടുത്ത വർഷം കൊല്ലം ജില്ലയാണ് സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്.
അറബിക് കലോത്സവത്തിൽ നാല് ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. സംസ്കൃതോത്സവത്തിൽ എറണാകുളവും തൃശ്ശൂരും ജേതാക്കൾ. കഴിഞ്ഞ മൂന്ന് ദിനങ്ങളിലും കലോത്സവ നഗരിയിലെ എല്ലാ വേദികളിലും വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു.
സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം സ്കൂൾ ഒമ്പതാം തവണയും കിരീടം സ്വന്തമാക്കി. 161 പോയിന്റാണ് ഗുരുകുലം സ്കൂളിലെ വിദ്യാർഥികൾ മാത്രം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള മാന്നാർ ബോയ്സ് സ്കൂളിന് 130 പോയിന്റുമുണ്ട്.
നവംബർ 28ന് ആരംഭിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 28 വേദികളിലായി 239 ഇനങ്ങളിൽ മാറ്റുരയ്ക്കാൻ എത്തിയിരിക്കുന്നത് 12,000ൽ അധികം വിദ്യാർഥികളാണ്. എച്ച്എസ് – 96, എച്ച്എസ്എസ്- 105, സംസ്കൃതം-19, അറബിക് – 19 എന്നീ വിഭാഗങ്ങളിലാണു മത്സരങ്ങൾ നടന്നത്.