തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ 7, 8, 9 തീയതികളില്‍ നടത്താന്‍ തീരുമാനം. രചനാമത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി ചുരുക്കി. ഉദ്ഘാടന ചടങ്ങ് വേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 26, 27, 28 എന്നീ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് കായികമേള നടക്കും.
ആലപ്പുഴയിൽ തന്നെയാണ് കലോത്സവം നടക്കുന്നത്. ഇന്നു ചേർന്ന കലോത്സവ മാന്വൽ കമ്മിറ്റിയിലാണ് തീരുമാനം. ഉദ്ഘാടന-സമാപന ചടങ്ങുകൾ ഉണ്ടാകില്ലെന്ന് വിദ്യഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചിരുന്നു. ഘോഷയാത്രയും പന്തലും ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. ആർഭാടം ഒഴിവാക്കി കലോത്സവം നടത്താൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉദ്ഘാടന-സമാപന ചടങ്ങുകൾ വേണ്ടെന്നു വച്ചത്.
സ്പെഷ്യൽ സ്കൂൾ കലോൽസവം ഒക്ടോബറിൽ കൊല്ലത്തും, ശാസ്ത്രോൽസവം നവംബറിൽ കണ്ണൂരിലും കായികോൽസവം ഒക്ടോബർ അവസാനം തിരുവനന്തപുരത്തും നടത്തും. ഇവയ്ക്കൊന്നും ഉദ്ഘാടന-സമാപന ചടങ്ങുകൾ ഉണ്ടായിരിക്കില്ല.
പ്രളയത്തിന്റെ സാഹചര്യത്തിൽ സർക്കാരിന്റെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും ആ തുക സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നൽകാൻ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് വിവാദമായിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് കലോത്സവം നടത്താൻ നടപടിയെടുക്കുകയായിരുന്നു.
കുട്ടികൾക്ക് കലോത്സവത്തിലൂടെ ലഭിക്കുന്ന ഗ്രേസ് മാർക്ക് ഉൾപ്പെടയുളള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നത്. കലോത്സവത്തിന് പുറമെ ചലച്ചിത്രോത്സവും വിനോദസഞ്ചാരവകുപ്പിന്റെ ആഘോഷപരിപാടികളും മാറ്റിവച്ചതും വിവാദമായിരുന്നു.