കൊച്ചി : മൂവാറ്റുപുഴക്കടുത്ത് പുത്തന്‍ കുരിശ് വടയമ്പാടിയില്‍ ഭജനമഠത്തോടനുബാന്ധിച്ച് ജാതി മതില്‍ കെട്ടിയ സ്ഥലത്ത് സംസ്ഥാന പട്ടിക ജാതി എത്തി തെളിവെടുപ്പ് നടത്തി. പട്ടിക ജാതി വകുപ്പ് അംഗവും മുന്‍ എംപിയുമായ എസ് അജയകുമാറിന്‍റെ നേത്രുത്വത്തിലുള്ള സംഘമാണ് വടയമ്പാടി സന്ദര്‍ശിച്ചത്.

പ്രദേശത്തെ ദലിതരുടെ മൊഴി രേഖപ്പെടുത്തിയ കമ്മീഷന്‍ മതില്‍ കെട്ടി തിരിച്ച ഭൂമിയുടെ കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും തിരക്കി. വടയമ്പാടിയില്‍ നടന്ന ജാതി അതിക്രമങ്ങളെ കുറിച്ചും കമ്മീഷന്‍ ചോദിച്ചു മനസ്സിലാക്കി.

തുടക്കം മുതല്‍ ഭജനമഠത്തോടും എന്‍എസ്എസ് നേത്രുത്വത്തോടും ഒപ്പം ചേര്‍ന്നുകൊണ്ട് സംഭവസ്ഥലത്ത് പൊലീസ് അതിക്രമം അഴിച്ചുവിടുന്നതായും പ്രദേശവാസികളായ ദലിതര്‍ ആരോപിച്ചു. ഫിബ്രവരി നാലാം തീയ്യതി നടന്ന ദലിത് ആത്മാഭിമാന കണ്‍വെന്‍ഷന് നേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടു എന്നും ആരോപണമുണ്ടായി.

ദലിത് ഭൂ അവകാശ സമരമുന്നണി നേതാവായ ജോയ് പാവേലിനെതിരെ പൊലീസ് ചുമത്തിയ കേസിലും ദലിതര്‍ക്ക് നേരെയുണ്ടായ ഭീഷണികളിലും ഡിവൈഎസ്പിക്കും കമ്മീഷനും പരാതി എഴുതി നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയും കമ്മീഷന്‍ സന്ദര്‍ശിച്ചു. ഭജനമഠവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പട്ടയത്തിലാണ് പ്രശ്നം എങ്കില്‍ അത് പരിശോധിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യും എന്നറിയിച്ച കമ്മീഷന്‍ അംഗം അജയകുമാര്‍, ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പട്ടികജാതി പീഡനം നടത്തിയെന്നാണ് പ്രഥമദൃഷ്ട്യാ കമ്മീഷന് ബോധ്യപ്പെട്ടതെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ