കൊച്ചി: പിണറായി വിജയൻ സർക്കാർ അധികാരമേറ്റശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐക്ക് വിടണമെന്ന ഹർജിയെ സംസ്ഥാന സർക്കാർ എതിർക്കും. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാനം ഇന്ന് കേരള ഹൈക്കോടതിയിൽ നിലപാടെടുക്കും.

രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാമെന്ന് നേരത്തേ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതി കേരള സർക്കാരിന്റെ നിലപാട് തേടിയത്. ഇന്നാണ് സംസ്ഥാന സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

തലശേരിയിലെ ബിജെപി അനുകൂല ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ ഹർജിയിലാണ് വാദം കേൾക്കുന്നത്. ഈ സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എട്ട് ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് ഹർജിയിലെ പരാതി. ഇതിൽ നാലെണ്ണം നടന്നത് കണ്ണൂരിലാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഉന്നത സിപിഎം നേതാക്കൾക്ക് കണ്ണൂരിലെ ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ഹർജിക്കാരുടെ ആരോപണം

എന്തുകൊണ്ടാണ് ഒരു ജില്ലയിൽ മാത്രം ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. എല്ലാ കൊലപാതകവും രാഷ്ട്രീയ കൊലപാതകമല്ലെന്ന് വാദിച്ച അഡ്വക്കേറ്റ് ജനറൽ, കുടുംബവഴക്കുകളെ തുടർന്നുള്ള കൊലപാതകങ്ങൾ പോലും രാഷ്ട്രീയ കൊലപാതകമായി വ്യാഖ്യാനിക്കുകയാണെന്ന് വാദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ