scorecardresearch
Latest News

സ്‌കൂളുകൾ ഉടൻ തുറക്കില്ല: അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും

ലാപ്‌ടോപ് വാങ്ങുന്നതിന് കെ എസ് എഫ് ഇയുടെ മൈക്രോ ചിട്ടി

online class, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകൾ തുറക്കുന്നത് ജൂലെെയിലോ അതിനുശേഷമോ മാത്രമായിരിക്കും. അതുവരെ ഓൺലെെൻ വിദ്യാഭ്യാസം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, വിക്ടേഴ്‌സ് ചാനല്‍ കാണുന്നതിന് ടിവി ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് അയല്‍പക്ക പഠനകേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള ചെലവില്‍ 75 ശതമാനം കെ എസ് എഫ് ഇ സബ്‌സിഡിയായി നല്‍കും. ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഒരു മാസത്തെ ശമ്പളത്തില്‍ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ബാക്കിയുള്ള തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സ്‌പോണ്‍സര്‍മാര്‍ വഴിയോ കണ്ടെത്തണം.

കൂടാതെ, കുട്ടികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിന് കെ എസ് എഫ് ഇ പദ്ധതി രൂപീകരിക്കും. കെ എസ് എഫ് ഇയുടെ മൈക്രോ ചിട്ടികളില്‍ ചേര്‍ന്ന കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് ലാപ്‌ടോപ് നല്‍കുന്നത്.

ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്.

സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ട കാര്യമില്ല. ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ് നടത്തുന്നത്. ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.

ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായിട്ടുണ്ട്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിളുകള്‍ തയ്യാറാക്കി അധ്യാപകര്‍ ഓണ്‍ലൈനില്‍ കൂടി ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത്. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി ലൈവ് ക്ലാസ്സുകള്‍ നല്‍കും.

Read Also: വിഎസ് നൽകിയ മറുപടി കണ്ടു; വിക്‌ടേഴ്‌സ് ചാനൽ വിഷയത്തിൽ പിണറായി

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ ഒരുക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നാണ് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനത്തെ പഠന, അധ്യാപന രീതികളില്‍ കാതലായ മാറ്റവുമായാണ്  പുതിയ അധ്യയന വര്‍ഷം തുടങ്ങിയത്. വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ഓൺലൈൻ ക്ലാസിന് തുടക്കമായത്.

രാവിലെ 8.30 മുതൽ പ്ലസ് ടു വിദ്യാർഥികൾക്കാണ് ആദ്യ ക്ലാസ് നടന്നത്. ഓരോ വിഷയത്തിനും അരമണിക്കൂറാണ് സമയം. വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ ക്‌ളാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് പുനഃസംപ്രേഷണം ചെയ്യും. പ്ലസ് ടു ക്ലാസിലുള്ള നാല്​ വിഷയങ്ങളും രാത്രി ഏഴ്​ മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും.

കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

Read Also: Kerala Monsoon Cyclone Weather Live Updates: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി ഐ എം ഡി

തിങ്കളാഴ്​ചത്തെ ടൈംടേബിൾ

പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്​, 9.00ന് ജിയോഗ്രഫി, 9.30ന് മാത്തമാറ്റിക്​സ്​, 10ന് കെമിസ്ട്രി.

പത്താം ക്ലാസ്​: 11.00 മണിക്ക്​ ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12.00ന്​ ജീവശാസ്ത്രം. പ്രൈമറി വിഭാഗത്തില്‍

ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയം.

രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയം.

മൂന്നാം ക്ലാസിന് ഒരു മണിക്ക്​ മലയാളം.

നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷ്​.

അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം – ഉച്ചക്ക്​ യഥാക്രമം 2.00, 2.30, 3.00.

എട്ടാം ക്ലാസിന് വൈകീട്ട് 3.30ന് ഗണിതശാസ്ത്രം. 4.00 മണിക്ക്​ രസതന്ത്രം.

ഒമ്പതാം ക്ലാസിന് 4.30ന് ഇംഗ്ലീഷ്​. അഞ്ച്​ മണിക്ക്​ ഗണിതശാസ്ത്രം.

കോളേജുകളിലും ഓൺലൈൻ വഴിയാണ് ക്ലാസ്. രാവിലെ 8.30 മുതൽ 1.30 വരെയാണ് ക്ലാസ്. കോളേജുകൾ തിരഞ്ഞെടുക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലായിരിക്കും ക്ലാസ്. ഓണ്‍ലൈനില്‍ എത്താൻ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് റെക്കോര്‍ഡ് ചെയ്ത് ക്ലാസുകള്‍ നല്‍കും. നോട്ടുകള്‍ പോലുള്ള പഠനസാമഗ്രികളും ഓണ്‍ലൈൻ വഴി നല്‍കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: State online classes starts students