ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് രംഗത്ത്. പൗരത്വ വിഷയത്തില്‍ നിയമം പാസാക്കാന്‍ പാര്‍ലമെന്റിനാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മുഖ്യമന്ത്രി കൂടുതല്‍ നിയമോപദേശം തേടണമെന്നും അഭിപ്രായപ്പെട്ടു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഉഗാണ്ട, ശ്രീലങ്കൻ തമിഴ് ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ നിയമമന്ത്രി പ്രതിപക്ഷ പാർട്ടികളുടെ കാപട്യത്തെയും ചോദ്യം ചെയ്തു.

Read Also: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കി കേരള നിയമസഭ

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച പ്രമേയത്തിനെതിരെ ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവു അവകാശ ലംഘന നോട്ടീസ് നൽകി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന ആരോപണവുമായാണ് നരസിംഹ റാവു രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതാണെന്നും അവകാശം ഹനിക്കുന്നതാണെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടി. ജനുവരി മൂന്നിന് ചേരുന്ന അവകാശ സമിതി യോഗം വിഷയം ചര്‍ച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Read Also: സിനിമയില്‍ അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലര്‍ നിര്‍ബന്ധിക്കുന്നു; ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തെ ആശങ്കയിലാക്കുന്ന നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് പ്രമേയമവതരിപ്പിച്ച മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പ്രവാസികൾക്കിടയിലും ആശയക്കുഴപ്പം ഉടലെടുത്തുണ്ടെന്നും പിണറായി അഭിപ്രായപ്പെട്ടു.

രാജ്യത്ത് ആദ്യമായാണ് പൗരത്വ നിയമഭേദഗതിക്കെതിരെ ഒരു നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത്. സര്‍വകക്ഷിയോഗ തീരുമാനം അനുസരിച്ച്‌ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച്‌ ചേര്‍ത്താണ് ഇന്ന് പ്രമേയം അവതരിപ്പിച്ചത്. പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുളള തടങ്കല്‍പ്പാളയങ്ങള്‍ കേരളത്തില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.