കൊച്ചി:  ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ പൊന്നാനി മണ്ഡലത്തിൽ സിറ്റിങ് എംപി ഇ.ടി.മുഹമ്മദ് ബഷീര്‍ മത്സരിക്കേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയം സംസ്ഥാന നേതൃത്വം തള്ളി. പ്രമേയം പാസാക്കിയ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.

പൊന്നാനി മണ്ഡലത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ മത്സരിക്കേണ്ടെന്ന യൂത്ത് കോൺഗ്രസ് പ്രമേയം യുഡിഎഫിന്റെ ഐക്യം തകർക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ  കമ്മിറ്റിയും കുറ്റപ്പെടുത്തിയിരുന്നു.  ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ യൂത്ത് കോൺഗ്രസ് പൊന്നാനി മണ്ഡലം കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്.

പൊന്നാനി  മണ്ഡലത്തില്‍ അനായാസ വിജയം നേടണമെങ്കില്‍ ഇടിക്ക് പകരം പി.കെ.കുഞ്ഞാലിക്കുട്ടിയോ മറ്റാരെങ്കിലുമോ മത്സരിക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ ഘടകകക്ഷി സീറ്റിൽ യൂത്ത് കോൺഗ്രസ് അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്.

യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പരാമര്‍ശമാണിതെന്നും അംഗീകരിക്കില്ലെന്നും യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന്‍ പറഞ്ഞു. പ്രാദേശിക നേതൃത്വത്തിന് താക്കീത് നല്‍കിയതായി  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും പറഞ്ഞു. ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പാസാക്കിയ പ്രമേയം ലീഗ് അണികള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.