എറണാകുളം: പൊലീസ് കസ്റ്റഡയിൽ ശ്രീജിത്ത് കൊലപ്പെട്ട സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച കമ്മീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കത്ത്  നൽകി.

കസ്റ്റഡിമരണം റിപ്പോർട്ട് ചെയ്ത് ദിവങ്ങൾക്കു ശേഷവും പ്രത്യേക അന്വേഷണസംഘവും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിലാണ് അന്വേഷണം സി ബി ഐയ്ക്ക് കൈമാറണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.

ശ്രീജിത്തിന്റെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. ഈ തുക കുറ്റക്കാരനെന്ന് കണ്ടെത്തുന്നവരിൽ നിന്നും ഈടാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യയ്ക്ക് എത്രയും വേഗം സർക്കാർ ജോലി നൽകണമെന്നും കമ്മീഷൻ​ ആവശ്യപ്പെട്ടു. ഭാര്യയും മൂന്നുവയസ്സുളള​ കുട്ടിയും വൃദ്ധമാതാപിതാക്കളുമടങ്ങുന്ന കുടുംബത്തന് നഷ്ടമായത് ഏക അത്താണിയാണെന്നും കമ്മീഷൻ പറഞ്ഞു.

ശ്രീജിത്തിന് മർദ്ദനമേറ്റത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടിൽ ഉണ്ടായ അടിപിടിക്കിടെയാണെന്ന് ആലുവ റൂറൽ എസ് പിയുടെ പ്രസ്താവന ദുരൂഹമാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. അന്വേഷണത്തിന് മുമ്പ് എസ് പി തലത്തിലുളള ഉദ്യോഗസ്ഥൻ എങ്ങനെയാണ് ഇങ്ങനെ നിഗമനത്തിലെത്തിയത് എന്ന് കമ്മീഷൻ ചോദിച്ചു. എസ് പിയുടെ അറിവോടെയാണ് അദ്ദേഹത്തിന്റെ ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്നും കമ്മീഷൻ വിലയിരുത്തി.

വാസുദേവന്റെ മകൻ നൽകിയ മൊഴിയിൽ കസ്റ്റഡിയിൽ കൊലപ്പെട്ട ശ്രീജിത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് വരാപ്പുഴ സ്റ്റേഷനിൽ​ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി കമ്മീഷൻ പറഞ്ഞു. ശ്രീജിത്തിന്റെ ഭാര്യ നൽകിയ മൊഴിയിൽ​ വാസുദേവന്റെ കുടുംബവുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സ്റ്റേഷൻിൽ നിന്നും തനിക്ക് ലഭ്യമായില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് അധ്യക്ഷൻ വ്യക്തമാക്കി. ആ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തായാണ് സ്റ്റേഷനിൽ നിന്നും നൽകിയ വിവരമെന്നും കമ്മീഷൻ പറഞ്ഞു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ