കൊച്ചി : എടുക്കാത്ത വായ്പയുടെ പേരില്‍ എച്ച്ഡിഎഫ് സി ബാങ്കിന്‍റെ ജപ്തി നടപടിക്കെതിരെ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന സംഭവത്തിൽ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.  സ്വന്തം വീടും സ്ഥലവും സംരക്ഷിക്കാൻ പത്തടിപ്പാലം സ്വദേശി പ്രീതാഷാജിയാണ് നിരാഹാരമിരിക്കുന്നത്.  1994ല്‍ പ്രീതയുടെ  ഭര്‍ത്താവ് ഷാജിയെ ജാമ്യക്കാരനാക്കിക്കൊണ്ട് ഒരു ബന്ധുവെടുത്ത കടമാണ് ജപ്തിനടപടിയിലെത്തിയത്. എറണാകുളം പത്തടിപ്പാലം സ്വദേശിയായ വീട്ടമ്മയുടെ അനിശ്ചിതകാല നിരാഹാര സമരം പതിമൂന്ന് ദിവസവും ‘ചിതയൊരുക്കി’ സമരം 229 ദിവസം പിന്നിട്ടപ്പോഴാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍. ഇന്ന് രാവിലെയാണ് പ്രീതയുടെ നിരാഹാരസമരം വീട്ടിന് മുന്നിലെ സമരപന്തലില്‍ നിന്നും എച്ച്ഡിഎഫ്‌സി  ബാങ്കിന് മുന്നിലേക്ക് മാറ്റിയത്.

കേസില്‍ സ്വമേധയാ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സര്‍ഫാസി ( Securitisation nd Reconstruction of Financial Assets and Enforcement of Security Interest) നിയമം ബാങ്കുകള്‍ പാവങ്ങള്‍ക്കുമേല്‍ മാത്രം ഉപയോഗിക്കാവുന്ന ആയുധമാക്കുന്നതായി ആരോപിച്ചു. നിയമത്തില്‍ ഭേദഗതി ആവശ്യമാണ് എന്ന് നിരീക്ഷിച്ച ഉത്തരവില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെ ഇത് അറിയിക്കുന്നതായും പറഞ്ഞു. കമ്മീഷന്‍ അദ്ധ്യക്ഷന്‍ പി മോഹന്‍ദാസ്‌ പുറത്തിറക്കിയ ഉത്തരവില്‍ പാവങ്ങളുടെ തലയ്ക്കുമുകളില്‍ ഡമോക്ലസിന്‍റെ വാള് പോലെ നില്‍ക്കുകയാണ് സര്‍ഫാസി നിയമം എന്നും നിരീക്ഷിച്ചു.

Read More : ബാങ്കുകള്‍ മോദിയോടും മല്ല്യയോടും ചെയ്യാത്തതും പത്തടിപ്പാലം ഷാജിയോട് ചെയ്യുന്നതും ഇതാണ്

ലോര്‍ഡ്‌ കൃഷ്ണാ ബാങ്കില്‍ നിന്നും അകന്ന ബന്ധു എടുത്ത രണ്ട് ലക്ഷം രൂപ കടമാണ് ഇന്ന് രണ്ട് കോടിയോളം എത്തിയത് എന്ന് ബാങ്ക് പറയുന്നു. ലോര്‍ഡ്‌ കൃഷ്ണ ബാങ്ക് സെഞ്ചൂറിയന്‍ ബാങ്കിലും സെഞ്ചൂറിയന്‍ എച്ച്ഡിഎഫ്സിയിലും ലയിപ്പിച്ചതോടുകൂടെയാണ് കുടുംബം എച്ച്ഡിഎഫ്സിക്ക് കടപ്പെടുന്നത്. 2013ല്‍ പണയത്തിലുള്ള വീടും പുരയിടവും സര്‍ഫാസി നിയമപ്രകാരം വില്‍ക്കുകയും കടം തിരിച്ചു പിടിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് ബാങ്ക് എത്തിച്ചേരുകയായിരുന്നു.

സംസ്ഥാന ചീഫ് സെക്രട്ടറി വിഷയം അറിയിക്കും എന്ന് പറയുന്ന കമ്മീഷന്‍ ഉത്തരവില്‍ എച്ച്ഡിഎഫ്സി ബാങ്ക് മാനേജരോട് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയോട്‌ കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. പാവങ്ങളെ അവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും കുടിയൊഴിപ്പിക്കുന്ന നിയമം അന്ത്യന്തം മനുഷ്യവിരുദ്ധമാണ് എന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.