ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തേടിയ കേന്ദ്രത്തിന് സംസ്ഥാനം മറുപടി നല്‍കിയില്ല. ജൂലൈ 17നും 24നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. ലോക്സഭയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരൺ റിജിജു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ സമഗ്രമായ റിപ്പോര്‍ട്ട് കേന്ദ്രം തേടിയിരുന്നു. സംഘര്‍ഷം ഉണ്ടാവാനുണ്ടായ കാരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് ശേഷം തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു പൊലീസ് മേധാവിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയത്. അക്രമങ്ങളില്‍ അസംതൃപ്തി അറിയിക്കാനായിരുന്നു അസാധാരണ നടപടി. കൂടിക്കാഴ്ചയ്ക്കുശേഷം ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ വിവരം ഗവര്‍ണര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ