തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്വാധീനം ചെലുത്തിയെന്ന് ഒരു ഏജന്‍സിയും പറഞ്ഞിട്ടില്ലെന്ന് അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് എസ് ശര്‍മ എംഎല്‍എ. സംഭവത്തില്‍ രാജ്യദ്രോഹത്തിനു തെളിവ് പ്രതിപക്ഷത്തിന്റെ കൈയിലുണ്ടങ്കില്‍ അത് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കണം. പ്രതിപക്ഷത്തിന് അക്കാര്യത്തില്‍ മുട്ടുവിറയ്ക്കും. ബിജെപി ആരോപണം അതേപടി ആവര്‍ത്തിക്കുകയാണ് രമേശ് ചെന്നിത്തലയെന്നും ശര്‍മ പറഞ്ഞു.

മല എലിയെ പ്രസവിച്ചത് പോലെയാണ് സര്‍ക്കാരിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയം. നിയമസഭയുടെ ചരിത്രത്തില്‍ മുന്‍പ് അവതരിപ്പിച്ച 18 അവിശ്വാസ പ്രമേയങ്ങള്‍ക്കും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ വിഡി സതീശന്‍ അവതരിപ്പിച്ചതിന് അതില്ല.

Read More: നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം; ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

ജനപിന്തുണ നഷ്ടപ്പെട്ട യുഡിഎഫിന് എങ്ങനെയാണ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സാധിക്കുക. യുഡിഎഫിന് ജനപിന്തുണ നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണ് പാലാ, കോന്നി, വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ഫലം. മുന്നണി ബന്ധവും അലങ്കോലപ്പെട്ടിരിക്കുകയാണ്. വിഡി സതീശന്‍ വിദേശത്തുപോയി പണം പിരിച്ച് വീട് നിര്‍മിച്ചതിനു കേന്ദ്രനുമതി ഉണ്ടായിരുന്നോയെന്നും ശര്‍മ ചോദിച്ചു.

Read More: തിരുവനന്തപുരം വിമാനത്താവളം: സർക്കാർ അഭ്യർത്ഥന കേന്ദ്രം അവഗണിച്ചെന്ന് മുഖ്യമന്ത്രി

അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി കേരളത്തിന്റെ രാഷ്ട്രീയ ചവറ്റുകൊട്ടയില്‍ എറിയണമെന്ന് എ പ്രദീപ് കുമാര്‍ പറഞ്ഞു. യുഡിഎഫ് കാലത്ത് ഒരേ മേഖലയില്‍ ഇരുപതോളം കണ്‍സള്‍ട്ടന്‍സി ഉണ്ടായിരുന്നില്ലേയെന്ന് പ്രദീപ് കുമാര്‍ ചോദിച്ചു. വയനാട് വിമാനത്താവളം, എയര്‍ ബസ് പദ്ധതി എന്നിവയ്ക്കു കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ എത്ര കോടി കൊടുത്തുവെന്നും അദ്ദേഹം ചോദിച്ചു.

ചാപല്യമേ നിന്റെ പേരോ സ്ത്രീയെന്ന് ഷേക്സ്പിയര്‍ ചോദിച്ചത് ഇപ്പോഴാണെങ്കില്‍, കാപട്യമേ നിന്റെ പേരോ ചെന്നിത്തലയെന്ന് ചോദിച്ചേനെ. തത്വാധിഷ്ഠിത നിലപാടിന്റെ ഭാഗമായാണ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലേലത്തില്‍ പങ്കെടുക്കാതെ മറ്റൊരു വഴി തേടാമായിരുന്നൊണ് ചെന്നിത്തല പറഞ്ഞത്. പണ്ട് കെ.വി. തോമസിന്റെ വീട്ടില്‍ വിളിച്ച് സത്കരിച്ചതും വിഴിഞ്ഞം തുറമുഖ കരാര്‍ പോയതും ഓര്‍മ വേണം. ആ വഴിക്കല്ല ഈ സര്‍ക്കാര്‍ പോകുന്നത്. ശശി തരൂര്‍ ബി.ജെ.പി. സര്‍ക്കാരിന് അനുകൂലമായ നിലപാടല്ലേ സ്വീകരിച്ചത്.

സ്വപ്നയ്ക്കെതിരെ ആരോപണം വന്നപ്പോള്‍ കൈയോടെ പുറത്താക്കി. സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്തേ കെഎം ഷാജിയും വിഡി സതീശനും ഒന്നും പറയുന്നില്ല?. ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്രസഹമന്ത്രി പറയുന്നു. അവിടെ ഭായ് ഭായ് സമീപനമാണ്. പുതിയ രാഷ്ട്രീയ ബാന്ധവത്തിന്റെ ഒരുക്കമാണ് നടക്കുന്നത്.

പി.എസ്.സിയെക്കുറിച്ച് പറയുമ്പോള്‍ വസ്തുത വേണം. ഈ സര്‍ക്കാര്‍ 16,508 തസ്തികകള്‍ സൃഷ്ടിച്ചു. പൊതുവിദ്യാലയങ്ങള്‍ തകര്‍ക്കുകയായിരുന്നില്ലേ നിങ്ങളുടെ അജണ്ട. 11,000 എല്‍.പി.-യു.പി. അധ്യാപകര്‍ക്ക് ഞങ്ങള്‍ നിയമനം നല്‍കി. 12,108 പേര്‍ക്ക് പൊലീസില്‍ നിയമനം നല്‍കി. കെഎസ്ആര്‍ടിസിയിലും ഇതുതന്നെയാണു സ്ഥിതി.

വികസനമാണ് ഈ സര്‍ക്കാരിന്റെ നേട്ടം. കേസുകൊടുത്തും സമരം നടത്തിയും വികസനം തടയാന്‍ ശ്രമിച്ചവരാണു പ്രതിപക്ഷം. കേരള ബാങ്ക്, കെഎഎസും ലൈഫ് മിഷനും ഐടി വികസനവും നിങ്ങള്‍ തടയാന്‍ ശ്രമിച്ചില്ലേ? നിപ, ഓഖി, പ്രളയം ഒക്കെ വന്നപ്പോള്‍ സംസ്‌കാര ശൂന്യമായ നിലപാടായിരുന്നില്ലേ നിങ്ങളുടേത്? ബി.ജെ.പി. സര്‍ക്കാരിനെതിരെ നെഞ്ചൂക്കോടെ നിലപാടെടുക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരല്ലാതെ വേറെ ഏതാണെന്നും പ്രദീകുമാര്‍ ചോദിച്ചു.

പ്രതിപക്ഷസമീപനം ജനാധിപത്യവിരുദ്ധമാണെന്നു മുല്ലക്കര രത്‌നാകരന്‍. വിവാദങ്ങളല്ല വേണ്ടത്, സംവാദമാണ്. പ്രതിപക്ഷം ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അത് പൂര്‍ത്തിയാക്കാനുള്ള സമയമെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കണം.

എല്ലാം സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ. ഏജന്‍സികളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രത്തിന് തന്നെ നല്‍കും. കേന്ദ്ര ഏജന്‍സികളുടെ ഏതെങ്കിലും അന്വേഷണത്തിന് മുഖ്യമന്ത്രി എതിരായി നിന്നിട്ടുണ്ടോ? അന്വേഷണം ഏത് രീതിയിലാകണമെന്ന് കേരളം എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? തെറ്റ് ചെയ്തവരെ സംരക്ഷിക്കുമ്പോളാണ് അത് തെറ്റാവുന്നത്. തെറ്റ് ചെയ്തയാളെ സംരക്ഷിക്കാതിരിക്കുന്നതാണ് ഒരു ഭരണാധികാരി ചെയ്തുപോകേണ്ടത്.

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ വിവരം എന്‍ഐഎ ഇതുവരെ ഒന്നും ആരോടും പറഞ്ഞിട്ടില്ല. പ്രതികളുടെ ജാമ്യത്തെ എതിര്‍ത്ത് എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ ചര്‍ച്ച മുഴുവന്‍. കഴിഞ്ഞ നാല് വര്‍ഷത്തെ വികസനത്തെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ നാലരക്കൊല്ലം അധികാരം പൂര്‍ത്തിയാക്കുമ്പോള്‍ അവതാരങ്ങളുടെ നീണ്ട പട്ടികയാണ് കാണാന്‍ കഴിയുന്നതെന്ന് പ്രമേയത്തെ പിന്താങ്ങി സംസാരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സമയം നല്‍കുകയാണെങ്കില്‍ ഒരു 15 പേരുടെ പറയാനുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല, മുഖ്യമന്ത്രിയാണ് പ്രതിയെന്നു വേണം പറയാനെന്നു കെഎം ഷാജി കുറ്റപ്പെടുത്തി. എന്നാല്‍ തന്നെപ്പറ്റി മാത്രം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പ്രധാനമന്ത്രിയെ പോലെ മുഖ്യമന്ത്രിയും ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുകയാണ്. മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല സീനിയര്‍ മാന്‍ഡ്രേക്കാണ്.

Read More: ‘സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്’; അവിശ്വാസപ്രമേയം അവതരിപ്പിച്ച് വിഡി സതീശൻ

കക്കാനുള്ള സകല സാഹചര്യവും പരിശോധിച്ച ഇതുപോലൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. നാട്ടിന്‍ പുറങ്ങളില്‍ പറയാറുണ്ട് ശര്‍ക്കര കുടത്തില്‍ കയ്യിട്ടുവാരുക എന്ന്. ഓണക്കിറ്റില്‍ അതും വാരിയില്ലേ? ആത്മീയ കള്ളക്കടത്തിനാണ് ഒരു മന്ത്രിക്ക് താല്‍പ്പര്യം. കള്ളക്കടത്തിന് മന്ത്രി ജലീല്‍ വിശുദ്ധ ഖുറാനെ മറയാക്കി. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമിരിക്കുന്ന ഇരിക്കുന്ന റവന്യു മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രാണായാമം ചെയ്യുകയാണെന്നും ഷാജി പരിഹസിച്ചു.

ശിവശങ്കരനെപ്പോലെ ഒരാള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നത് രാജ്യത്തിന് അപമാനമാണെന്നും പിജെ ജോസഫ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.