കണ്ണൂർ: തളിപ്പറമ്പിനടുത്ത് കീഴാറ്റൂരിൽ വയലിലൂടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ നടന്ന പ്രതിഷേധം അവസാനിപ്പിച്ചു. ഇക്കാര്യത്തിൽ ബദൽ സംവിധാനങ്ങൾ ആലോചിക്കുമെന്നും സമവായം ഉണ്ടാകുന്നത് വരെ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കില്ലെന്നും മന്ത്രി ജി.സുധാകരൻ വ്യക്തമാക്കിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

കീഴാറ്റൂരിലെ സമരസമിതി നേതാക്കളായ നോബിള്‍ എം.പൈകട, സുരേഷ് കീഴാറ്റൂര്‍ എന്നിവരും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു എന്നിവർ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. ഇതേ തുടർന്ന് ഇന്ന് രാവിലെ നിരാഹാര സമരം അനുഷ്ഠിച്ച് വന്ന സി.മനോഹര

ഇന്നലെ ചർച്ചയിൽ പങ്കെടുത്ത സമര സമിതി പ്രതിനിധികൾ കീഴാറ്റൂരിലെത്തി തീരുമാനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് മനോഹരൻ സത്യാഗ്രഹം അവസാനിപ്പിച്ചത്.

സമവായത്തിന്റെ പേരില്‍ റോഡ് നിർമ്മാണം നടത്താൻ ശ്രമിച്ചാൽ വീണ്ടും സമര രംഗത്തേക്ക് ഇറങ്ങുമെന്ന് സമരസമിതി പിന്നീട് പറഞ്ഞു. ഇന്ന് കീഴാറ്റൂരിൽ സമര സമിതി യോഗം ചേർന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ അറിയിക്കും. തുടർന്ന് ഭാവികാര്യങ്ങൾ തീരുമാനിക്കും.

സിപിഎമ്മിന് വലിയ സ്വാധീനമുള്ള കീഴാറ്റൂരില്‍ സമരത്തിനിറങ്ങിയവരിൽ നല്ല വിഭാഗവും പാർട്ടിപ്രവർത്തകരാണ്. ഇതാണ് ജില്ലാ കമ്മിറ്റിയെ അടക്കം വലച്ചത്. വയൽകിളികൾ എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കിയാണ് ബൈപ്പാസിനായി വയൽ നികത്തുന്നതിനെ ഇവർ എതിർത്തത്.

ആദ്യം നിരാഹാരമനുഷ്ഠിച്ച സുരേഷ് കീഴാറ്റൂരിനെ 13 ദിവസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പിന്നീട് സത്യഗ്രഹം തുടങ്ങിയ നമ്പ്രാടത്ത് ജാനകിയെ ബുധനാഴ്ച്ചയാണ് മാറ്റിയത്. സമരം വിജയിച്ചതോടെ അഞ്ചുനാള്‍ നിരാഹാര സമരം നടത്തിയ 69 കാരി നമ്പ്രാടത്ത് ജാനകിയുടെ നേതൃത്വത്തില്‍ വയല്‍ പരിസരത്ത് ആഹ്ലാദ പ്രകടനം നടത്തി. വയല്‍കിളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വൈകിട്ട് തളിപ്പറമ്പ് നഗരത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്ത പ്രകടനവും നടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ