തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് സർക്കാർ ഗവർണർക്ക് മറുപടി നൽകി. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന പരാമർശങ്ങൾ ഉൾപ്പെടെ മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ മാറ്റം വരുത്താനാവില്ലെന്ന് സർക്കാർ ഗവർണറെ അറിയിച്ചു.
സർക്കാർ നിലപാട് ഭരണഘടനാവിരുദ്ധമല്ല. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ ആശങ്കയാണുള്ളത്. ഇത് മനസിലാക്കുകയും പ്രതിഫലിപ്പിക്കുകയുമാണ് സർക്കാർ ചെയ്‌തതെന്നും ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു. ഗവർണറുമായി മനപൂർവ്വം ഭിന്നത സൃഷ്ടിക്കാൻ ശ്രമച്ചിട്ടില്ലെന്നും സർക്കാർ നൽകിയ വിശദീകരണത്തിൽ പറയുന്നു.
Read Also: അശ്വതിയുടെ വായ അടപ്പിച്ച് ജെസ്‌ല, ബിഗ് ബോസ് വീട്ടിൽ ഏറ്റുമുട്ടൽ
അതേസമയം, ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കേണ്ട എന്ന നിലപാടാണ് സർക്കാരിന്. ഗവർണർ-സർക്കാർ പോര് രൂക്ഷമാകാൻ അതു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ല. ഇത്തരം പരാമര്‍ശങ്ങള്‍ വരുന്ന ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണം തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതിക്കു മുൻപാകെയുളള പ്രശ്നം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നതിലെ നിയമപരമായ പ്രശ്നങ്ങളിൽ രാജ്ഭവൻ പരിശോധിക്കുന്നുവെന്നാണ് റിപ്പോർട്ട്.
Read Also: രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവച്ചു കൊല്ലണം; കേന്ദ്രമന്ത്രിയുടെ കൊലവിളി പ്രസംഗം
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയിൽ അതൃപ്തനായ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. താൻ വെറും റബ്ബർ സ്റ്റാമ്പല്ലെന്നും കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനെന്ന നിലയിൽ അനുമതി തേടുകയോ അറിയിക്കുകയോ ചെയ്തില്ലെന്നായിരുന്നു ഗവര്‍ണറുടെ വാദം. വിശദീകരണം തേടിയ ഗവര്‍ണറുടെ നടപടിക്ക് പിന്നാലെ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തിയിരുന്നെങ്കിലും വിശദീകരണം രേഖാമൂലം നൽകാൻ തയാറായിരുന്നില്ല.