തിരുവനന്തപുരം: സംസ്ഥാനത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയ പാത ആറ് വരിയാക്കാൻ സർക്കാർ തീരുമാനം. ഇതിന്റെ നിർദ്ദേശം ലഭിച്ചതോടെ പാതയുടെ രൂപരേഖ ദേശീയപാത അതോറിറ്റി പുതുക്കി. നേരത്തേ 45 മീറ്റർ വീതിയിൽ നാല് വരി പാതയെന്ന തീരുമാനമാണ് ഇതോടെ മാറുന്നത്.

പാതയ്ക്ക് ഇരുവശങ്ങളിലും 21 മീറ്റർ വീതിയുണ്ടാകും. പാതയുടെ മധ്യഭാഗത്തുള്ള മീഡിയന്റെ വീതിയാണ് കുറയ്ക്കുന്നത്. ഇത് നാല് മുതൽ അഞ്ച് മീറ്റർ വരെ ആയിരുന്നത് രണ്ട് മുതൽ മൂന്ന് മീറ്റർ വരെയാക്കി പുനർ നിശ്ചയിച്ചു. ഇരുവശങ്ങളിലും 15 മീറ്റർ വീതിയെന്ന പഴയ തീരുമാനവും മാറിയിട്ടുണ്ട്.

ഇതോടൊപ്പം സർവ്വീസ് റോഡുകളുടെ വീതി അഞ്ചര മീറ്ററായി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. രൂപരേഖയിൽ ഭേദഗതി വരുത്തി പദ്ധതി ആറുവരിയാക്കാനുള്ള സംസ്ഥാന സർക്കാർ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് ദേശീയ പാത അതോറിറ്റി രൂപരേഖ മാറ്റിവരച്ചത്.

പുതിയ പാത നിർമ്മാണം ആരംഭിക്കുന്നത് കാസർകോട് ജില്ലയിൽ നിന്നാണ്. ഇവിടെ മാത്രം 3000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്. മെയ് ഒന്നിന് നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യം. ഇതിനായി ടെണ്ടർ നടപടി ഏപ്രിൽ ആദ്യം ആരംഭിക്കും. മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്താകെ പദ്ധതി പൂർത്തീകരിക്കാനാണ് ദേശീയ പാത അതോറിറ്റിയുടെ ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ